കുറി തൊടുന്നതിന് ഫീസ്: ഭക്​തരെ ചൂഷണം ​ചെയ്യുന്നത്​ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി

കൊച്ചി: ക്ഷേത്രത്തിനകത്ത്​ കുറി തൊടാൻ പത്ത്​ രൂപ വരെ ഭക്​തരിൽ നിന്ന്​ ഫീസ്​ ഈടാക്കാൻ സ്വകാര്യ കക്ഷികൾക്ക്​ അവകാശം നൽകുന്നതിന്​ ടെൻഡർ വിളിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്​ നടപടിയെ വിമർശിച്ച്​ ഹൈകോടതി. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത്​ ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് ​വെക്കാനുള്ള അവകാശം ടെൻഡർ ചെയ്തു നൽകുന്നതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ക്ഷേത്രത്തിന്​ അകത്താണോ കുറി ​തൊടാൻ പണം വാങ്ങുന്നതെന്ന്​ ആരാഞ്ഞ കോടതി ഭക്​തരെ ചൂഷണം ​ചെയ്യുന്നത്​ അനുവദിക്കാനാവില്ലെന്ന്​ വ്യക്​തമാക്കി. ഭക്​തരെ ആരും ചൂഷണം ചെയ്യാതിരിക്കാനാണ്​ ഈ നടപടിയെന്നും നിർബന്ധിച്ച്​ ചെയ്യിപ്പിക്കുന്നില്ലെന്നും ദേവസ്വം ബോർഡ്​ വിശദീകരിച്ചു. ബോർഡിന്​ ലക്ഷങ്ങൾ ലഭിക്കുമ്പോൾ കരാറുകാരന്​ കോടികളാകും ലഭിക്കുകയെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ കണ്ട പണം വാങ്ങുന്നയാളെ തിരിച്ചറിഞ്ഞ്​ വിവരങ്ങൾ കൈമാറണമെന്ന്​ കോടതി നിർദേശിച്ചു. എരുമേലി സ്വദേശികളായ മനോജ് എസ്​. നായർ, അരുൺ സതീഷ് എന്നിവരാണ്​ ഹരജി നൽകിയത്​.

ശബരിമലയിലേക്ക്​ പോകുന്ന തീർഥാടകർ എരുമേലി പേട്ട തുള്ളലും ക്ഷേത്രക്കടവിൽ കുളിയും കഴിഞ്ഞ്​​ നെറ്റിയിലും ദേഹത്തും മറ്റും കുറി ചാർത്തി​ ദർശനം നടത്തുന്ന ആചാരം നിലവിലുള്ളതായി ഹരജിയിൽ പറയുന്നു. പല ക്ഷേത്രങ്ങളിലും സൗജന്യമായി നൽകുന്ന ചന്ദനവും കുങ്കുമവും ഭസ്മവും ഉപയോഗിച്ചാണ്​ ഭക്​തർ കുറി തൊടുന്നത്​. ഇതിന്​ പകരമായി ഭൂരിപക്ഷം ഭക്​തരും ക്ഷേത്ര ഭണ്ഡാരത്തിൽ പണം ഇടാറുമുണ്ട്​. എരുമേലിയിൽ ഈ തുക​ ദേവസ്വം ബോർഡിനാണ്​ ലഭിക്കുന്നത്​.

മാതാചാരം അനുഷ്ഠിക്കാനുള്ള ഭരണഘടനാനുസൃതമായ അവകാശത്തിന്‍റെ ലംഘനവും സ്വേഛാപരവും നിയവിരുദ്ധവുമായ നടപടിയാണ്​ പണപ്പിരിവിന്​ തട്ടുവെക്കലെന്നും​ ഹരജിയിൽ പറഞ്ഞു. ​തുടർന്ന്​ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Exploitation of devotees cannot be allowed says Kerala HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.