സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ

മലയാറ്റൂരിൽ പാറമടയിൽ വൻ സ്ഫോടനം: രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു

എറണാകുളം: മലയാറ്റൂരിലെ ഇല്ലിത്തോട്ടിൽ പാറമടയ്ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (38), കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34) എന്നിവരാണ് മരിച്ചത്.

പുലർച്ചെ 3.30ന് പാറമടക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം. മലയാറ്റൂർ നിലേശ്വരം പഞ്ചായത്തിലെ ഒന്നാം ബ്ലോക്കിലെ പോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന വിജയ എന്ന പാറമടയിലെ തൊഴിലാളികളാണ് മരിച്ചത്. 


തൊഴിലാളികൾക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി പാറമടയോട് 50 മീറ്റർ അടുത്ത് റബർ തോട്ടത്തിൽ നിർമിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. പുതിയതായി ജോലിക്കെത്തി‍ ക്വാറന്‍റീനിൽ കഴിയുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

സ്ഫോടനത്തിൽ 1200 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. ഒരു മൃതദേഹം അരക്ക് താഴേക്ക് ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.