കളമശ്ശേരി: മെട്രോ ട്രെയിനിന് പുറത്ത് സ്ഫോടന ഭീഷണി എഴുതിയ സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ 26നാണ് ആലുവ മുട്ടം മെട്രോ യാർഡിൽ നിർത്തിയിട്ട ട്രെയിനിന് പുറത്ത് 'സ്ഫോടനം ആദ്യ ആക്രമണം കൊച്ചിയിൽ' എന്നെഴുതി കണ്ടത്. സ്പ്രേ പെയിന്റുകൊണ്ടാണ് സന്ദേശം എഴുതിയിരുന്നത്. വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. പെയിന്റ് ചെയ്യുന്ന സാമഗ്രികൾ ബാഗിൽ കരുതിയാണ് ഇവർ എഴുതിയതെന്നാണ് സംശയിക്കുന്നത്.
അതിസുരക്ഷ ക്രമീകരണങ്ങളുള്ള യാർഡിൽ നുഴഞ്ഞുകയറിയവരാണോ, അതോ ജീവനക്കാരിൽ ആരെങ്കിലുമാണോ കൃത്യം നിർവഹിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണം. സി.സി.ടി.വി നിരീക്ഷണത്തിൽനിന്നാണ് രണ്ടുപേരെ സംശയിക്കുന്നത്. ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന. ആദ്യ ദിവസംതന്നെ 12 പേരെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. യാർഡിൽ കരാർ തൊഴിലാളികൾ ഉള്ളതിനാൽ, അവരെയും മറ്റു ജീവനക്കാരെയും ചോദ്യം ചെയ്തു വരുകയാണ്. ട്രെയിൻ നിർത്തിയിട്ട സമയത്തേ കൃത്യം നിർവഹിക്കാനാകൂ. അതിനാലാണ് യാർഡിനകത്തുനിന്നുള്ളവർക്ക് ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നത്. സംശയം തോന്നിയാൽ മെട്രോ ആക്ട് പ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറഞ്ഞത്.
അതിസുരക്ഷ നിരീക്ഷണങ്ങളും നിരവധി സി.സി.ടി.വി കാമറകളും പ്രവർത്തനസജ്ജമായുള്ള മെട്രോ യാർഡിൽ വന്ന ഗുരുതര വീഴ്ചയുടെ ഞെട്ടലിലാണ് മെട്രോ അധികൃതർ. കാമറയിൽ പതിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം ഊർജിതമാണെന്ന് കളമശ്ശേരി മെട്രോ സ്റ്റേഷൻ സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.