തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ കാരണം ഒരാളുടെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. പരാജയത്തിൽ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. മറിച്ചുള്ളത് ആരോഗ്യകരമായ വിമര്‍ശനമാകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് സംഘടനാതലത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതും പരിഹാരം നിർദേശിക്കേണ്ടതും ഹൈകമാന്‍ഡാണ്. സംഘടനാതലത്തിലുള്ള മാറ്റങ്ങള്‍ സംബന്ധിച്ച് ഹൈകമാന്‍ഡ് തീരുമാനമെടുക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടികള്‍ ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ മിക്കതും നടപ്പാക്കാതെയാണ് വീണ്ടുമുള്ള പ്രഖ്യാപനം. ക്ഷേമ പെന്ഷന് 1500 രൂപയാക്കിയത് പുതിയ കാര്യമല്ല. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ വാർധക്യകാല പെന്ഷന് 1500 രൂപയായി ഉയര്‍ത്തിയിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ 14 ലക്ഷം പേര്‍ക്കാണ് പെന്ഷന് നല്കിയതെങ്കില് യു.ഡി.എഫ് സര്‍ക്കാര്‍ അത് 34 ലക്ഷമാക്കി വർധിപ്പിച്ചു. പിണറായി സര്‍ക്കാറാണ് എല്ലാ പെന്‍ഷനുകളും 1000 രൂപയായി നിജപ്പെടുത്തിയത്. ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് ലഭിച്ച സാമൂഹിക ക്ഷേമ പെന്‍ഷനുകളും സുരക്ഷാ പെന്‍ഷനുകളും നിര്‍ത്തലാക്കി. പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കി, സര്‍ക്കാറിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താൽക്കാലിക കരാര്‍ നിയമനങ്ങളിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി തൊഴില്‍രഹിതരെ വഞ്ചിച്ച സര്‍ക്കാറാണ് പിണറായി വിജയെൻറതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.