തിരുവനന്തപുരം: ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കെ.എസ്.ഇ.ബി. ഓൺലൈൻ പണം തട്ടിപ്പുകാർ കെ.എസ്.ഇ.ബിയെയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ച സാഹചര്യത്തിലാണിത്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന എസ്.എം.എസ്/ വാട്സ്ആപ് സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു.
തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. എത്രയും വേഗം പണമടച്ചില്ലെങ്കിലോ വിവരങ്ങൾ നൽകിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കും എന്നാണ് സന്ദേശം. ഇത് ഒറ്റനോട്ടത്തിൽ കെ.എസ്.ഇ.ബിയുടേതാണെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ, കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട കൃത്യമായ തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല.
വൈദ്യുതി ബിൽ അടയ്ക്കാൻ www.kseb.in വെബ്സൈറ്റോ ഗൂഗ്ൾ പ്ലേസ്റ്റോറിൽനിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന ‘കെ.എസ്.ഇ.ബി’ എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിക്കാം. വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പേമെന്‍റ് സൗകര്യം, ബി.ബി.പി.എസ് അംഗീകൃത മൊബൈൽ പേമെന്‍റ് ആപ്ലിക്കേഷനുകൾ എന്നിവയും ബിൽ അടയ്ക്കാൻ പ്രയോജനപ്പെടുത്താം.
ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയകരമായ ഫോൺവിളികളോ സന്ദേശങ്ങളോ ലഭിക്കുന്നെങ്കിൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ സെക്ഷൻ ഓഫിസിലോ വിളിച്ച് വ്യക്തത വരുത്തണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.