കട്ടപ്പന: സീരിയൽ നടിയുടെ വീട്ടിൽനിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. സീരിയൽ നടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ് (27) കൊല്ലംപറമ്പിൽ റിജോ (38) അരുൺ മൈലിക്കുളത്ത് (22) എന്നിവരെയാണ് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പിടികൂടിയത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി. കള്ളനോട്ട് നിർമാണത്തിന് സീരിയൽ നടിയുടെ കൊല്ലത്തെ വീട്ടിൽ താമസിച്ച് സഹായിച്ചവരാണ് ഇപ്പോൾ പിടിയിലായത്. കേസിൽ നേരേത്ത അറസ്റ്റിലായ ലിജോയാണ് ഇവരെ നടിയുടെ വീട്ടിൽ എത്തിച്ചത്.
സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്. അറസ്റ്റിലായ റിജോക്ക് ഇലക്ട്രിക് സംബന്ധമായ ജോലികൾ അറിയാമെന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി ലിയോ നടിയുടെ വീട്ടിൽ നോട്ട് നിർമാണത്തിനായി കൂട്ടിക്കൊണ്ടുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 20 ദിവസം റിജോ കൊല്ലത്ത് താമസിച്ച് നോട്ട് നിർമാണ സഹായിയായി ജോലി ചെയ്തു. കൂടുതൽ പേരെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെക്കൂട്ടുകയായിരുന്നു. കള്ളനോട്ട് നിർമാണത്തിനുള്ള പേപ്പറും അനുബന്ധകാര്യങ്ങളും തയാറാക്കുകയായിരുന്നു ഇവർ. കള്ളനോട്ടടിക്കാൻ പേപ്പർ മുറിച്ചതും അച്ച് തയാറാക്കിയതും ഇവർ മൂവരും ചേർന്നാണ്. പ്രതിഫലമായി ഇവർക്ക് ഒാരോരുത്തർക്കും 10,000 രൂപ വീതം നൽകി. അച്ചടിച്ച നോട്ടുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. റിജോ മുമ്പും പല ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് വിവിധയിടങ്ങളിൽ ഒളിവിൽ പോയ ഇവരുടെ മൊബെൽ ഫോൺ കാൾ പിന്തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ പ്രധാന പ്രതികളിൽ ഒരാളായ സീരിയൽ നടിയുടെ അമ്മ രമാദേവിയെ കോടതിയിൽനിന്ന് കട്ടപ്പന പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ കൂടുതൽ ചോദ്യംചെയ്യും. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.