കോഴിക്കോട്: ഒരാഴ്ച മുന്‍പ് കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് മലയാളി പൈലറ്റ് അച്ചുത് ദേവിന്‍റെ കുടുംബം. മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നാണ് അച്ചുത് ദേവിന്‍റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെരച്ചില്‍ നിര്‍ത്തുകയാണെന്ന് സൈന്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തെരച്ചില്‍ തുടര്‍ന്നതുകൊണ്ട് ഫലമില്ലെന്നാണ് വ്യോമസേന വൃത്തങ്ങൾ നൽകുന്ന സൂചന.
വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അച്ചുതിനൊപ്പം ഉണ്ടായിരുന്ന പൈലറ്റിന്‍റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്‍റെ പഴ്‌സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാൽ, ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ തെരച്ചില്‍ നടത്തണമെന്നുമാണ് ഐ.എസ്.ആര്‍ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ അച്ചുത് ദേവിന്‍റെ പിതാവിന്‍റെ അഭ്യർഥന. സമീപകാലത്ത് അസമിലെ നൗഗാവിലും രാജസ്ഥാനിലും നടന്ന അപകടത്തില്‍ പൈലറ്റുമാര്‍ ഇജക്ഷന്‍ നടത്തി പാരച്യൂട്ടില്‍ രക്ഷപ്പെട്ടിരുന്നു.
ഇൗ മാസം 23നാണ് തേസ്പൂർ വ്യോമസേന താവളത്തിൽനിന്ന് പരിശീലന പറക്കലിനിടെ വിമാനം കാണാതായത്. ൈഫ്ലറ്റ് ലഫ്റ്റ്നൻറായ അച്ചുദേവും സ്ക്വാഡ്രൻ ലീഡറായ സഹയാത്രികനുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ പിതാവ് സഹദേവനും മാതാവ് ജയശ്രീയും തേസ്പൂർ സൈനിക ക്യാമ്പിലേക്ക് പോയിരുന്നു. ഏറെക്കാലമായി തിരുവനന്തപുരം ശ്രീകാര്യത്ത് താമസിക്കുന്ന സഹദേവനും കുടുംബവും നാട്ടിൽ വീട് നിർമിച്ചെങ്കിലും താമസം തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.