കൊല്ലം: ഇരവിപുരം സ്വദേശി അരുൺകുമാർ (19) കുത്തേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് കുടുംബം. വെള്ളിയാഴ്ച വൈകീട്ട് പെൺസുഹൃത്തിന്റെ പിതാവ് പ്രസാദാണ് അരുണിനെ ആക്രമിച്ചത്. രണ്ട് മതവിഭാഗത്തിൽപെട്ടവർ തമ്മില്‍ പ്രണയിച്ചതാണ് കൊലപാതകത്തിനുള്ള പ്രേരണയെന്ന് അരുണിന്റെ മാതൃ സഹോദരി സന്ധ്യ പറഞ്ഞു. പ്രസാദിന്റെ മകളുമായി അരുണ്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിവാഹം നടത്തിക്കൊടുക്കാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയതെന്നും സന്ധ്യ ആരോപിച്ചു.
പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് സമ്മതിച്ച പ്രസാദ് പിന്നീട് ബന്ധത്തെ എതിർത്തെന്നും പലതവണ ഭീഷണിപ്പെടുത്തിയെന്നും അരുണിന്റെ പിതാവ് ബിജുവും ആരോപിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതിയാണ് ബന്ധുവീട്ടിലേക്ക് അരുണിനെ വിളിച്ചുവരുത്തിയതെന്നും പിതാവ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ മുന്നിൽവെച്ചാണ് പ്രസാദ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അരുണിന്റെ സുഹൃത്ത് ആല്ഡ്രിൻ വിനോജ് പറഞ്ഞു. ആല്‍ഡ്രിനൊപ്പമാണ് അരുണ്‍ പെണ്‍കുട്ടി താമസിക്കുന്ന ഇരട്ടക്കടയിലെ ബന്ധുവീട്ടിലെത്തിയത്. പിന്നാലെ പ്രസാദും എത്തി. അരുണും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടർന്നാണ് പ്രസാദ് കത്തിയെടുത്ത് ആക്രമിച്ചത്. കൊലപാതകശേഷം പ്രതി പ്രസാദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.