കായംകുളം: അപകടരഹിത ഡ്രൈവിങ്ങിൽ ചരിത്രമെഴുതിയതിലൂടെ ഒരു നാടിന്‍റെ പേരുതന്നെയായി മാറിയ എം.ആർ വിടവാങ്ങി. വള്ളികുന്നം എം.ആർ മുക്കിൽ രുഗ്മിണി സദനത്തിൽ എം.ആർ. ഗോപാലകൃഷ്ണപിള്ളയുടെ (90) വിയോഗം നാടിന്‍റെ നൊമ്പരമായി മാറുകയാണ്.
വെള്ളിയാഴ്ചയായിരുന്നു മരണം. തിരക്കേറിയ റോഡുകളിലൂടെ ആറര പതിറ്റാണ്ടുകാലം പക്വതയാർന്ന ഡ്രൈവിങ് നടത്തിയാണ് എം.ആർ ശ്രദ്ധേയനായത്. 85 വയസ് വരെയുള്ള ഡ്രൈവിങ് ജീവിതത്തിൽ ഒരിക്കൽ പോലും നിയമലംഘനത്തിൽ പെട്ടിട്ടില്ലായെന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത. രാജകൊട്ടാരത്തിലെ ഡ്രൈവറായിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര കാവിന്‍റെ പടീറ്റതിൽ കേശവപിള്ളയുടെ മകനായ ഗോപാലകൃഷ്ണപിള്ള 20ാം വയസിലാണ് ൈഡ്രവിങ് ലൈസൻസ് നേടുന്നത്.
കരുനാഗപ്പള്ളിയിൽ ടാക്സി ഡ്രൈവറായാണ് തുടക്കം. വള്ളികുന്നത്തുകാരിയായ രുഗ്മിണിയമ്മയെ ജീവിതസഖിയാക്കിയതോടെയാണ് ഇവിടേക്ക് താമസം മാറ്റുന്നത്. 15,000 രൂപക്ക് അംബാസിഡർ കാർ വാങ്ങി വള്ളികുന്നത്തെ ആദ്യ കാർ ഉടമയായി. ഒന്നര കിലോമീറ്ററിന് എട്ടണ കൂലിയിലായിരുന്നു ഒാട്ടം തുടങ്ങിയത്. വള്ളികുന്നത്തുകാരനായ തോപ്പിൽ ഭാസിയുമായി മദ്രാസിൽ സിനിമ ആവശ്യങ്ങൾക്ക് പോയതും തന്‍റെ കാറിൽ പ്രേംനസീറും മധുവുമൊക്കെ യാത്ര ചെയ്ത ഒാർമകൾ മക്കളോടും കൊച്ചുമക്കളോടുമെല്ലാം പങ്കുവെച്ചിരുന്നു.
കാഥികൻ ഒാച്ചിറ രാമചന്ദ്രനുമായി ഒരുപാട് ഉൽസവ സ്ഥലങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. സംസ്ഥാന ധനകാര്യ മന്ത്രിമാരായിരുന്ന പി.കെ. കുഞ്ഞ്, എം.കെ. ഹേമചന്ദ്രൻ തുടങ്ങിയവർ ഒരു കാലത്ത് ഇദ്ദേഹത്തിന്‍റെ കാറിലെ യാത്രക്കാരായിരുന്നു. ജീപ്പ് വരുന്നതിന് മുമ്പ് വള്ളികുന്നം പൊലീസ് സ്റ്റേഷന് വേണ്ടി പത്ത് വർഷത്തോളം ഒാടിയിരുന്നു. മദ്യപാനവും പുകവലിയും നിഷിദ്ധമാക്കിയ ജീവിതമാണ് അപകട രഹിത ഡ്രൈവിങ്ങിന് കരുത്ത് പകർന്നതെന്നായിരുന്നു ഇദ്ദേഹം പങ്കുവെച്ചിരുന്നത്.
സ്വഭാവ മഹിമയാണ് മറ്റൊരു ഡ്രൈവർക്കും ലഭിച്ചിട്ടില്ലാത്ത അപൂർവ ബഹുമതിയായി വീടിന് സമീപത്തെ ജങ്ഷന് നാട്ടുകാർ എം.ആറിന്‍റെ പേര് നൽകിയത്. ഇക്കാലത്തിനിടയിലെ ഡ്രൈവിങ് ജീവിതത്തിൽ ലൈസൻസിൽ ചുവന്ന മഷി അടയാളം വീഴാതെയാണ് അദ്ദേഹം ജീവിതത്തോട് വിട ചൊല്ലിയിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഭാര്യയുടെ വിയോഗത്തോടെയാണ് ഡ്രൈവിങ്ങിൽ നിന്നും പൂർണമായി വിരമിച്ചത്. അതിന് േശഷം മുഴുസമയ വിശ്രമ ജീവിതത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.