തിരുവനന്തപുരം: തീരദേശത്തെ ആത്മീയ നേതാക്കളുടെ ഉപവാസത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണത്തിനെതിരായ സമരം അഞ്ചാം ഘട്ടത്തിലേക്ക് കടന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച് ബിഷപ് സൂസപാക്യം, അതിരൂപത ആർച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ഉൾപ്പെടെ വൈദികരും സമരസമിതി നേതാക്കളും ആദ്യദിന ഉപവാസത്തിൽ പങ്കെടുത്തു. പാളയം പള്ളി ഇമാം മൗലവി ഡോ.വി.പി. സുഹൈബ് സമരം ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ മുതുകിൽ ചവിട്ടിയാണ് കേരളം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് പോയതെന്നും അവരുടെ വീടുകൾ കടലെടുക്കുമ്പോൾ നിശ്ശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഡോ. തോമസ് തറയിൽ, കൊല്ലം രൂപത മെത്രാൻ ഡോ. പോൾ മുല്ലശ്ശേരി, വലിയതുറ ഫൊറോന വികാരി ഡോ. ഹെയ്ന്റിഫ് നായകം, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വെട്ടുകാട് സോളമൻ, പി.സി. ജോർജ് അടക്കം നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.
മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും നഷ്ടമാക്കുകയും തീരദേശത്തെ കടലെടുക്കുന്ന തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്നതുൾപ്പെടെ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സമരത്തിന്റെ 47ാം ദിനവും തുറമുഖ കവാടത്തിനു മുന്നിലെ സമരത്തിന്റെ 21ാം ദിനവുമാണ് റിലേ ഉപവാസത്തിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.