കോട്ടയം: മദ്യലഹരിയിൽ നാലു വയസ്സുകാരിയായ മകളെ ട്രെയിനിൽ മറന്ന പിതാവ് കുടുംബസമേതമെത്തി ഏറ്റുവാങ്ങി. മദ്യപിച്ച് ബോധം നഷ്ടമായ സേലം സ്വദേശി അരുൺമണി മകൾ ധന്യയെ തനിച്ചാക്കി തൃശൂരിൽ ഇറങ്ങിയതാണ് നാടകീയസംഭവങ്ങൾക്ക് തുടക്കമായത്. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് വന്ന ഷാലിമാർ എക്സ്പ്രസിലാണ് സംഭവം. വടക്കാഞ്ചേരിയിലെ അമ്മവീട്ടിലേക്ക് യാത്രക്കായി ട്രെയിനിലെ സ്ലീപ്പർ കമ്പാർട്ട്മെൻറിൽ ഇരുവരും കയറിയപ്പോൾ തന്നെ പിതാവ് മദ്യപാനം തുടങ്ങി. അധികം വൈകാതെ ബോധം നഷ്ടമായി ഉണർന്നപ്പോൾ മകൾ ഒപ്പമുണ്ടെന്ന കാര്യം മറന്ന് തൃശൂരിൽ ഇറങ്ങി. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കമ്പാർട്ട്മെൻറിൽ തനിച്ചിരുന്ന് കുട്ടി കരഞ്ഞതോടെ മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽെപട്ടു.
കുട്ടിക്കൊപ്പമുള്ളവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ കാത്തുനിന്ന ആർ.പി.എഫ് പെൺകുട്ടിയെ ഏറ്റെടുത്തു. കുട്ടിയോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കുട്ടിയെക്കുറിച്ച് പിതാവിനു ഒാർമവന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സംഭവമറിഞ്ഞ് അയൽവാസികളടക്കം തടിച്ചുകൂടി. അന്വേഷണത്തിനൊടുവിൽ കോട്ടയത്ത് കുട്ടിയെ കണ്ടെത്തിയെന്ന് മനസ്സിലായി. വിവരമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടുന്ന സംഘം ശനിയാഴ്ച കോട്ടയത്ത് എത്തി കുട്ടിയെ ഏറ്റുവാങ്ങി. റെയിൽവേ പൊലീസ് പിതാവിന് ശക്തമായ താക്കീത് നൽകിയാണ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.