വനിതാ ദിനത്തിൽ പോലും എല്ലാവരും മറവിയിൽ തള്ളിയ വലിയൊരു വിഭാഗം സ്ത്രീകളുടെ ത്യാഗത്തെ ഒാർമിപ്പിച്ച് പ്രവാസി എഴുത്തുകരാൻ നജീബ് മൂടാടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. 'പേർഷ്യക്കാരന്റെ ഒാള്' എന്ന തലക്കെട്ടിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ അദ്ദേമെഴുതിയ കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രവാസത്തിന്റെ ആദ്യകാലം മുതൽ ഇതുവരെയും തുടരുന്നതും എന്നാൽ, ഒരിക്കൽ പോലും അതിനോട് ചേർത്ത് വായിക്കാത്തതുമായ ത്യാഗമാണ് പ്രവാസികളുടെ ഭാര്യമാരുടേതെന്ന് അദ്ദേഹം കുറിപ്പിൽ വരച്ചു കാട്ടുന്നു.
'പേർഷ്യക്കാരന്റെ ഓള്'
ഒരു വനിതാദിനത്തിലും എവിടെയും പരാമർശിക്കപ്പെടാത്ത, സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് വാചാലരാകുന്നവരുടെയൊന്നും കണ്ണിൽ പെടാത്ത കുറെ പെണ്ണുങ്ങളെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ പെണ്ണുങ്ങളെ കുറിച്ച്. എഴുപതുകളിലൊക്കെ ഞങ്ങളുടെ നാട്ടുമ്പുറങ്ങളിൽ 'പേർഷ്യക്കാരന്റെ ഓള് എന്നും, പിന്നീട് ഗൾഫുകാരന്റെ ഭാര്യ എന്നും വിളിക്കപ്പെട്ട, എന്നാൽ ഗൾഫുകാരന് കിട്ടിയ ഒരു പത്രാസും കിട്ടാതെ പോയവർ. അന്നുമിന്നും ഭർത്താവ് വിദേശത്തായതിനാൽ നാട്ടിൽ വീടും കുടുംബവും മക്കളെയും നോക്കി കഴിയുന്ന എല്ലാ സ്ത്രീകളെ കുറിച്ചും.
നാട്ടിൽ പട്ടിണിക്കും ദാരിദ്ര്യത്തിനും ക്ഷാമമില്ലാതിരുന്ന, പഠിച്ചവരൊക്കെ പണി കിട്ടാതെ നിരാശരായി നടന്ന എഴുപതുകളിൽ ലോഞ്ചിലും പത്തേമാരിയിലും കടൽ കടന്നുപോയി മരുഭൂമിയിൽ കഷ്ടപ്പെട്ട് പൊന്നും പണവുമായി നാട്ടിലെത്തിയ കുറെ ചെറുപ്പക്കാർ. അടുപ്പിൽ പൂച്ച പെറ്റുകിടന്ന അവരുടെ ചെറ്റപ്പുരകളും കട്ടപ്പുരകളും അപ്പോഴേക്കും ഓടിട്ടതും വാർപ്പിട്ടതുമായ വമ്പൻ വീടുകളായി മാറിയിരുന്നു. ബെൽബോട്ടം പാന്റും കൂളിംഗ് ഗ്ലാസും 'ജന്നത്തുൽ ഫിർദൗസ്' അത്തറിന്റെ മണവും കയ്യിൽ 555 സിഗരറ്റിന്റെ പെട്ടിയുമായി നടന്ന ആ ചെറുപ്പക്കാരെ പെൺമക്കൾക്ക് വരനായി കിട്ടാൻ ആളുകൾ പരക്കം പാഞ്ഞകാലം. വിവാഹ മാർക്കറ്റിൽ തറവാട്ടുമഹിമക്കോ പഠിപ്പിനോ സർക്കാർ ജോലിക്കു പോലുമോ പേർഷ്യക്കാരന്റെ പകിട്ടിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതിരുന്ന കാലം. ആ പത്രാസുകാരുടെ ജീവിതസഖികളായി വന്നു കയറിയ പെൺകുട്ടികൾ നമുക്ക് കത്തുപാട്ടിലെ വിരഹിണി മാത്രമായിരുന്നു.
എന്നാൽ അവൾ അനുഭവിച്ചത് വിരഹദുഃഖം മാത്രമായിരുന്നില്ലെന്നും ഒരേ സമയം ഗൃഹനാഥനും ഗൃഹനാഥയും മാതാവും പിതാവും ആയി അവൾ വേഷം കെട്ടേണ്ടി വന്നതിനെ കുറിച്ച് ആ കഠിനഭാരത്തെ കുറിച്ച് ആരാണ് പറഞ്ഞത്.
കുടുംബത്തെ ഇല്ലായ്മകളിൽ നിന്ന് കരകയറ്റിയ മകന്റെ/സഹോദരന്റെ ജീവിതാവകാശിയായി കയറി വന്ന 'അന്യപെണ്ണി'നോടുള്ള മനോഭാവം പലവീടുകളിലും അത്ര സുഖകരമായിരുന്നില്ല. കൂട്ടുകുടുംബത്തിനകത്ത് അവൾ പലപ്പോഴും ഒറ്റപ്പെട്ടു. പ്രിയതമനോടൊന്ന് മനസ്സറിഞ്ഞു മിണ്ടണമെങ്കിൽ പോലും വിരുന്നിനോ സൽക്കാരത്തിനോ വേണ്ടി പുറത്തിറങ്ങുന്ന നേരം നോക്കേണ്ടി വന്നു. ഈ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ പ്രിയതമയെ വിട്ടേച്ചു കൊണ്ടാണ് പല പ്രവാസികളും കടൽ കടന്നത്.
വലിയ വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത, ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ആ പെൺകുട്ടിയിൽ ഒരേ സമയം വിരഹത്തിന്റെ നോവും അതോടൊപ്പം ഭർതൃവീട്ടിലെ പ്രശ്നങ്ങളും ഉണ്ടാക്കിയ മാനസിക തകർച്ച ഊഹിക്കാവുന്നതേ ഉള്ളൂ. മക്കളാവുന്നതോടെ ഉത്തരവാദിത്തവും ഏറുകയാണ്. ഭർത്താവിന്റെ അഭാവത്തിൽ മക്കളെ ഒന്ന് ആശുപത്രിയിൽ കാണിക്കണമെങ്കിൽ പോലും ബന്ധുക്കളെ ആശ്രയിക്കേണ്ട അവസ്ഥ. അതും കഴിഞ്ഞു സ്വന്തമായി വീട് പണി തുടങ്ങുമ്പോൾ അതിനായുള്ള ഓട്ടങ്ങൾ. ഇതൊക്കെ ഒറ്റക്ക് നിർവ്വഹിക്കേണ്ടി വരുന്നു. ബാങ്കിൽ, വില്ലേജ് ഓഫീസിൽ, പഞ്ചായത്തിൽ, ഇക്ട്രിസിറ്റി ആപ്പീസിൽ.... ജീവിതത്തിൽ ഇതൊന്നും പരിചയമില്ലാത്ത ഒരു പെണ്ണ് ഒറ്റക്ക് പലവട്ടം കയറി ഇറങ്ങിയാണ് ആരും സഹായമില്ലാതെ ഓരോ കാര്യങ്ങൾ നിർവ്വഹിച്ചത് .
വീട് വെച്ചാലും ഭർത്താവിന്റെ മാതാപിതാക്കളുടെ ശുശ്രൂഷ പരിചരണം ആശുപത്രിവാസം ഇതിനൊക്കെ ഇവൾ തന്നെയാണ് കൂട്ട്. ഇങ്ങനെയുള്ള ആവശ്യത്തിന് ഒരു ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നാൽ, മക്കളെ ആശുപത്രിയിൽ കാണിച്ചു തിരിച്ചു വരാൻ ഇരുട്ടായിപ്പോയാൽ അതൊക്കെ വെച്ച് അപവാദകഥകൾ ഉണ്ടാക്കുന്നവർ വേറെ. ആൺതുണയില്ലാതെ ചെറിയ മക്കളുമായി താമസിക്കുന്ന പെണ്ണിന്റെ വീട്ടിൽ പാതിരാക്ക് വാതിലിൽ മുട്ടാനും കല്ലെറിഞ്ഞു പേടിപ്പിക്കാനും നടക്കുന്നവരും കുറവായിരുന്നില്ല. ഇതൊന്നും കണ്ണെത്താദൂരത്തുള്ള ഭർത്താവിനെ അറിയിക്കാതെ ഉരുകിയാണ് ഈ പെണ്ണുങ്ങൾ- അന്യരുടെ കണ്ണിലെ പണക്കാരായ ഗൾഫുകാരന്റെ ഭാര്യ- ഓരോ ദിവസവും കഴിച്ചു കൂട്ടിയതെന്ന് ആരറിഞ്ഞു.
തങ്ങൾ പഠിച്ചില്ലെങ്കിലും മക്കൾ നാലക്ഷരം പഠിച്ചു കണ്ണ് തെളിയണം എന്നവർ ഉത്സാഹിച്ചത് ഇങ്ങനെ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങൾ കൊണ്ട് കൂടിയാണ്. ബാങ്കിൽ, ആശുപത്രിയിൽ, സർക്കാർ ഓഫീസുകളിൽ അവർ അനുഭവിച്ച പുച്ഛവും അവഗണയും മക്കളെ ഡോക്ടറാക്കാൻ, സിവിൽ സർവീസ് എടുക്കാൻ, സർക്കാർ ഉദ്യോഗസ്ഥരാക്കാൻ അവരെ ഉത്സാഹിപ്പിച്ചു. പിതാവ് അടുത്തില്ലാത്ത ആൺമക്കൾ മുതിരും തോറും കാണിക്കുന്ന സ്വാതന്ത്ര്യം കൂട്ടുകെട്ട് തന്നിഷ്ടം ഇവിടെയൊക്കെ അവർ സഹിച്ചത്.... ഇതൊക്കെ മേനേജ് ചെയ്തത്..... പറഞ്ഞാൽ തീരാത്ത എത്ര അനുഭവങ്ങൾ ഉണ്ടാകും ഒറ്റക്കായിപ്പോയ ഓരോ പ്രവാസി ഭാര്യമാർക്കും.
ഒറ്റക്കായിപ്പോയ ഒരു പെണ്ണ് സമൂഹത്തിൽ നിന്നും ചിലപ്പോൾബന്ധുക്കളിൽ നിന്നും അനുഭവിക്കേണ്ടി വന്ന നോവിക്കുന്ന അനുഭവങ്ങൾ. ഇതിലെല്ലാം ഉപരി, നീണ്ട രണ്ടും മൂന്നും വർഷങ്ങൾ ഇണയുമായി പിരിഞ്ഞിരിക്കുന്നതിന്റെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഇതൊക്കെ ഉള്ളിൽ ഒതുക്കിയാണ് അവർ കഴിഞ്ഞത്. നീണ്ട കത്തുകളിൽ കണ്ണീര് വീഴാതെ കരുതലോടെ സന്തോഷം മാത്രം അറിയിച്ചവർ. വർഷങ്ങൾക്ക് ശേഷം ഭർത്താവ് നാട്ടിൽ വരുമ്പോൾ എണ്ണിച്ചുട്ട അവധി ദിവസങ്ങളിൽ ഏറെയും പലപ്പോഴും ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടി തീർന്നു പോകുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നവൾ.
വിദ്യാഭ്യാസം കൊണ്ടോ വായന കൊണ്ടോ ക്ലാസുകൾ കേട്ടോ അല്ല. ആരുമില്ലാത്ത നിസ്സഹായവസ്ഥയെ, നിവൃത്തികേടിനെ മനസ്സിന്റെ കരുത്തു കൊണ്ട് മറി കടന്നാണ് അവൾ തന്റേടം ഉണ്ടാക്കിയത്. ലോകം കാണാത്ത ഒന്നുമറിയാത്ത പെൺകുട്ടിയിൽ നിന്ന്,
വീടും കുടുംബവും മക്കളെയും സ്വത്തും എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നേടിയ സ്ത്രീയിലേക്ക് മാറിയ ആ പെണ്ണിനെ ആരും കാര്യമായി വിശകലനം ചെയ്തിട്ടില്ല. നിശബ്ദമായി സമൂഹത്തിൽ അവരുണ്ടാക്കിയ വിപ്ലവത്തെ കുറിച്ച് ആരും ചർച്ച ചെയ്തിട്ടില്ല. പ്രവാസം കൊണ്ട് രക്ഷപ്പെട്ട നാട്ടിലെ
സിനിമാക്കാരും കഥയെഴുത്തുകാരും പ്രവാസിയുടെ ജീവിതം കാണാതെ പോയെങ്കിലും അവരുടെ ഭാര്യമാരെ അവിഹിതത്തിന് പ്രലോഭിപ്പിക്കുന്ന പെണ്ണായി വരച്ചു വെച്ച് അശ്ലീലച്ചിരി ചിരിച്ചു. പോരാത്തതിന് ധൂർത്തയും പൊങ്ങച്ചക്കാരിയുമാക്കി.
പുതിയ തലമുറ വിശേഷിച്ചും പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ മുന്നേറിയതടക്കം സമൂഹത്തിലുണ്ടായ എത്രയോ മാറ്റങ്ങൾക്ക് പിന്നിൽ ഈ പ്രവാസി ഭാര്യമാരുടെ പങ്കുണ്ട്. എന്നിട്ടും
എന്തുകൊണ്ടായിരിക്കും നമ്മുടെ സമൂഹ വിശകലന വിശാരദന്മാർ അതൊന്നും കാണാതെ പോയത്. അതെ കുറിച്ച് പഠിക്കാതെ പോയത്.
മാസത്തിൽ ഒന്നോ രണ്ടോ കത്തിന്റെ സ്ഥാനത്ത് വീഡിയോ കോൾ വിളിയിൽ എത്തി നിൽക്കുന്ന ഇക്കാലത്തും എത്രയോ സ്ത്രീകൾ പ്രവാസിയായ ഭർത്താവ് അകലെയായതിനാൽ ഒരേ സമയം അമ്മയും അച്ഛനുമായി നാട്ടിൽ കുടുംബം നടത്തുന്നുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് കാര്യങ്ങൾ എളുപ്പമായിരിക്കാമെങ്കിലും മാനസിക സംഘർഷങ്ങൾക്ക് അവർക്കും കുറവുണ്ടാകില്ല.
വനിതാദിനങ്ങൾ ഇനിയും ഒരുപാട് കടന്നുപോകും. നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ വീടുകളിൽ ഒരേ സമയം മാതാവായും പിതാവായും വീട്ടുജോലിക്കാരിയായും നഴ്സ് ആയും അധ്യാപികയായും അങ്ങനെ പലവിധ വേഷങ്ങൾ കെട്ടിയാടുന്ന ഈ സ്ത്രീജന്മങ്ങളെ കുറിച്ച് ആരെങ്കിലും ഓർക്കുമോ?.
പത്തുനാല്പത് കൊല്ലം മുമ്പ് 'പേർഷ്യക്കാരന്റെ ഓളാ'യി ഭർതൃവീട്ടിലേക്ക് കയറിച്ചെന്ന ഒരു പെണ്ണ് ഇപ്പോഴും നിങ്ങളുടെ വീടിനുള്ളിലൊ അയല്പക്കത്തോ ഉണ്ടാവും. മക്കളും പേരക്കുട്ടികളുമായി ചിലപ്പോൾ രോഗിയായി അവശയായി.... ചോദിച്ചു നോക്കൂ അവർ കടന്നുപോന്ന വഴികളെ കുറിച്ച്... ഒറ്റക്ക് നീന്തിയ കടലിനെ കുറിച്ച്. ഈ വനിതാദിനത്തിലെങ്കിലും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.