പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒ.പി സന്ദർശനങ്ങളിൽ 65% വർധന ഉണ്ടായി. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലധികം പനി കേസുകളാണ്.

ജൂൺ ഒന്നിന് പനി ബാധിച്ചവരുടെ പ്രതിദിന ഒ.പി സന്ദർശനങ്ങൾ 5,533 ആയിരുന്നു. ജൂൺ 15ന് ഇത് 9,102 ആയി ഉയർന്നു. ജൂൺ പകുതി വരെ 1,06,176 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന ആശുപത്രി പ്രവേശനം ഒമ്പത് ശതമാനമാണ് വർധിച്ചത്. ജൂൺ ഒന്നിന് 104 ആയിരുന്നത് ജൂൺ 15ന് 198 ആയി. 22 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.

ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ലുവൻസ-എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവക്കാണ് ചികിത്സ തേടുന്നത്. സ്‌കൂളുകൾ തുറന്നതും ഇടക്കിടെ പെയ്ത മഴയുമാണ് വൈറൽ പനി വർധിക്കാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടി. മൺസൂൺ ശക്തി പ്രാപിക്കുമ്പോൾ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയത് കാരണം വേനൽക്കാലത്ത് മഴക്കാലപൂർവ ശുചീകരണത്തിലെ അപാകതകൾ തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് സമ്മതിച്ച സാഹചര്യത്തിലാണ് ആശങ്കകൾ വർധിച്ചത്. ആലപ്പുഴയിൽ പടർന്നുപിടിച്ച പക്ഷിപ്പനിയും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

"പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ പകരുന്നത് അപൂർവമാണെങ്കിലും, മ്യൂട്ടേഷൻ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മൺസൂൺ കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറൽ പനിയാണ് ഇൻഫ്ലുവൻസ. എന്നിരുന്നാലും, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, സ്‌ക്രബ് ടൈഫസ്, അഡെനോവൈറസ് അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന മറ്റ് വകഭേദങ്ങളും ഉണ്ടാകാം" -എം.ഇ.എസ് മെഡിക്കൽ കോളജിലെ ഡോ.പുരുഷോത്തമൻ കുഴിക്കത്തുകണ്ടിയിൽ വ്യക്തമാക്കി.

രോഗബാധിതരായ കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ പനിയോടൊപ്പമുള്ള ശ്വാസതടസ്സം, അമിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, സംസാരം മങ്ങൽ, ബോധക്ഷയം, കഫത്തിൽ രക്തം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടാനും നിർദ്ദേശമുണ്ട്.

Tags:    
News Summary - Fever cases in Kerala see 65 per cent spike, cross one lakh-mark in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.