മേപ്പയ്യൂർ: സെപ്റ്റിക് ടാങ്കിൽ വീണ് ബോധരഹിതരായ സഹോദരങ്ങളെ കോഴിക്കോട് പേരാമ്പ്ര ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചങ്ങരംവള്ളി ചെറുവത്ത് മീത്തൽ രാജന്‍റെ വീട്ടുവളപ്പിലെ ടാങ്കിലാണ് സ്ലാബ് തകർന്ന് മക്കളായ അഭിജിത്ത് (18), അനുജിത്ത് (27 ) എന്നിവർ വീണത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സ്ലാബ് മണ്ണിട്ട് മൂടിയതു കാരണം ശ്രദ്ധയിൽപ്പെടാതെ അഭിജിത്ത് സ്ലാബ് ചവിട്ടിയപ്പോൾ ഒന്ന് തകർന്ന് മൂന്ന് മീറ്റർ താഴ്ച്ചയുള്ള ടാങ്കിൽ പതിക്കുകയായിരുന്നു. ജ്യേഷ്ഠസഹോദരൻ അനുജിത്ത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹവും ടാങ്കിൽ വീണു. വായുസഞ്ചാരമില്ലാത്തതു കാരണം ഇവർ തളർന്നു പോയിരുന്നു.
ഉടൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ സി. പി. ഗിരീശൻ്റെയും എസ്.എഫ്.ആർ.ഒ പി.സി. പ്രേമന്‍റെയും നേതൃത്വത്തിലുള്ള ടീം അവസരോചിതമായി ഇടപെട്ട് ഇരുവരെയും രക്ഷിക്കുകയായിരുന്നു.
രണ്ട് ഓക്സിജൻ സിലിണ്ടർ തുറന്ന് വിട്ട് ടാങ്കിൽ വായുസഞ്ചാരമൊരുക്കുകയാണ് ആദ്യം ചെയ്തത്. ഐ. ഉണ്ണികൃഷ്ണൻ, ജിനേഷ് എന്നിവർ ടാങ്കിൽ ഇറങ്ങി രണ്ട് പേരേയും പുറത്തെത്തിച്ചു. ബോധരഹിതനായ അഭിജിത്തിന് കൃത്രിമശ്വാസം നൽകുകയും ചെയ്തു.
ഫയർഫോഴ്സ് വാഹനത്തിൽ തന്നെ ഇരുവരേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. സി. സജീവന്‍, ബിനീഷ്കുമാര്‍, സുധീഷ്, ഷൈജേഷ്, സാരംഗ്, അന്‍വര്‍ സാലിഹ്, ഹോം ഗാർഡുമാരായ വിജയന്‍, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.