തീപിടിത്തം: സമന്‍സ് അവഗണിച്ച ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമീഷന്‍െറ വിമര്‍ശനം

കോഴിക്കോട്: സംസ്ഥാനത്തുണ്ടാകുന്ന തീപിടിത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി മറുപടി നല്‍കിയില്ളെന്ന് മനുഷ്യാവകാശ കമീഷന്‍െറ വിമര്‍ശനം. 2015ല്‍ മിഠായിതെരുവില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ പൊതുജന സുരക്ഷ പ്രകാരം മനുഷ്യാവകാശ കമീഷന് നല്‍കിയ ഹരജി തീര്‍പ്പുകല്‍പിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസിന്‍െറ നിരീക്ഷണം. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍ ഫറോക്ക്  പെരുമുഖം ആവിതൊടി കെ.ടി. അബ്ദുല്‍ മനാഫാണ് ഹരജി നല്‍കിയത്. പരാതി വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചീഫ്സെക്രട്ടറിക്ക് പലതവണ നോട്ടീസ് അയച്ചിട്ടും മറുപടി അയച്ചില്ളെന്നാണ് മനുഷ്യാവകാശ കമീഷന്‍െറ നിരീക്ഷണം. കമീഷന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് മൂന്നു തവണ സമന്‍സും അവസാന താക്കീതായി മെമോ അയച്ചിട്ടും ഹാജരായില്ല.

പരാതി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രക്ഷപ്രവര്‍ത്തനത്തിന് കാര്യക്ഷമമായ സംവിധാനമില്ളെന്ന് സമ്മതിക്കുന്നുണ്ട്. തീപിടിത്തമോ അപകടമോ ഉണ്ടായാല്‍  അഗ്നിശമന സേനാംഗങ്ങള്‍ക്ക് വേഗത്തില്‍ സംഭവസ്ഥലത്ത് എത്താനാവുന്നില്ല. വികസിത രാജ്യങ്ങളിലെപോലെ അഗ്നിസുരക്ഷാ വാഹനങ്ങള്‍ക്ക് മാത്രമുള്ള പാത ഇല്ലാത്തതാണ് ഇതിന് കാരണം. ഇടുങ്ങിയതും ഗതാഗതക്കുരുക്കുള്ളതുമായ റോഡുകളിലൂടെ യഥാസമയം സംഭവസ്ഥലത്ത് എത്തുന്നതിന് വെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഫയര്‍സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം പരമാവധി കുറക്കാനാവും വിധം കൂടുതല്‍ അഗ്നിരക്ഷാ നിലയങ്ങള്‍ സ്ഥാപിക്കണമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

മനുഷ്യാവകാശ കമീഷന്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍
വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കുമ്പോള്‍ അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കണം. ഇതിലേക്കായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാലാനുസൃതമായി പുതുക്കണം. കൂടുതല്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഇവ തമ്മിലുള്ള അകലം കുറക്കണം.

വലിയ സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ ചെറിയ തുകക്കുള്ള ഫയര്‍ എക്സ്റ്റിങ്യുഷറുകള്‍ വീടുകളിലും വാഹനങ്ങളിലും സ്ഥാപിക്കണം. ഇത്തരത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളും ഭേദഗതി ചെയ്യണം. വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുമ്പോഴും പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കുമ്പോഴും അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരിജ്ഞാനം ഉറപ്പാക്കണം.

പൊതു വാഹനങ്ങളിലെ ജീവനക്കാരുടെ അഗ്നിശമന പരിജ്ഞാനം പരിശോധിക്കണം. അഗ്നിബാധകളും അപകടങ്ങളും സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കണം. ബോധവത്കരണ ക്ളാസുകള്‍, സെമിനാറുകള്‍, മോക്ഡ്രില്‍ എന്നിവ വ്യാപകമാക്കണം. ഫയര്‍ എക്സ്റ്റിങ്യുഷറുകള്‍ കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഫയര്‍ ഫൈറ്റിങ് പരിശീലനം നല്‍കണം.

അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി ജലാശയങ്ങള്‍ സംരക്ഷിക്കണം.  വാട്ടര്‍ ഹൈഡ്രന്‍റുകള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കണം. അടച്ചിട്ട മുറികളില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം തീ പടരുന്നത് ഒഴിവാക്കാന്‍ ആള്‍സഹായമില്ലാതെ ഒരു നിശ്ചിത ചൂടില്‍ പൊട്ടി തീ അണയുന്ന ഓട്ടോമാറ്റിക് മോഡുലാര്‍ ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ സ്ഥാപിക്കണം.

Tags:    
News Summary - fire at SM Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.