റെയിലിൽ കേറാത്ത തുടർഭരണം

തിരുവനന്തപുരം: രാഷ്ട്രീയചരിത്രം തിരുത്തി ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഭരണയന്ത്രത്തെ ജനക്ഷേമപരമായി ചലിപ്പിക്കാൻ കഴിഞ്ഞോ എന്ന ചോദ്യം അവശേഷിക്കുന്നു. ജനക്ഷേമ നടപടികളുണ്ടാക്കിയ ഉണർവിന് പുറമെ, ദുർബലമായ പ്രതിപക്ഷവും രണ്ടാം പിണറായി സർക്കാറിന് മുതൽക്കൂട്ടായി.

കോവിഡ് തകർത്ത സമ്പദ് വ്യവസ്ഥ, കേന്ദ്ര നയത്തെ തുടർന്നുണ്ടായ വിലക്കയറ്റം ഉൾപ്പെടെ തിരിച്ചടികളിൽനിന്ന് കരകയറാൻ തുടർ ഭരണത്തിനായില്ലെന്ന ആക്ഷേപം വ്യാപകമാണ്. കാർഷിക, വ്യാപാര മേഖലകളിൽ അനുഭവപ്പെടുന്ന ഭീകര പ്രതിസന്ധിയെ അതിജീവിക്കാൻ ഹ്രസ്വ- ദീർഘകാല പദ്ധതികൾ വികസിപ്പിക്കാനായില്ലെന്നത് തുടർഭരണത്തിന്‍റെ തിരിച്ചടിയാണ്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത്, വി.സി നിയമനം, ലോകായുക്ത ഭേദഗതി എന്നീ വിവാദങ്ങളെ മറികടക്കുന്ന ഭരണനേട്ടങ്ങൾ ഉണ്ടായോ എന്ന ചോദ്യം ഉപശാലകളിലുണ്ട്. ഒന്നാം പിണറായി സർക്കാർ കൊട്ടിഗ്ഘോഷിച്ച കെ-ഫോൺ ഇഴയുകയാണ്. സ്ഥിരവരുമാനം ലഭിക്കുന്ന സർക്കാർ ജീവനക്കാർ പോലും വിലക്കയറ്റത്തിൽ പൊള്ളുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയെ വെല്ലുന്നതാണ് ആരോഗ്യ വകുപ്പിലെ 'പത്രപ്രസ്താവന വിപ്ലവം'. കാലംതെറ്റി വന്ന മഴക്കാലത്ത് പകർച്ചവ്യാധികളും മറ്റു രോഗങ്ങളും ഭീഷണി ഉയർത്തുമ്പോൾ വകുപ്പ് നിശ്ശബ്ദമാണ്. കോവിഡ് ബാധയിൽ കേന്ദ്രത്തിനൊപ്പം കേരളവും കണക്ക് പറയാൻ ബാധ്യസ്ഥമാണ്. പെൻഷനുകൾ മാത്രം നൽകുന്നതിലേക്ക് സാമൂഹികക്ഷേമ വകുപ്പ് ഒതുങ്ങുകയും ചെയ്തു.

വ്യാജ ഏറ്റുമുട്ടലും ലോക്കപ് മരണവും ഒഴികെ മറ്റു മാറ്റങ്ങളൊന്നും ആഭ്യന്തര വകുപ്പിൽ സംഭവിച്ചിട്ടുമില്ല. മുസ്ലിംവിരുദ്ധത മുന്നോട്ട് കൊണ്ടുപോയി, ലവ് ജിഹാദ് ആരോപണം സി.പി.എം നേതാവ് തന്നെ ഏറ്റെടുത്തു, വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിന് എതിരെ ദുർബലമായ കേസ് 'കുരുക്ക്' ഒരുക്കി, നടിയെ ആക്രമിച്ച കേസ് ദുർബലമാക്കി തുടങ്ങിയ ആരോപണങ്ങൾ വകുപ്പിനെ ഉത്തരം മുട്ടിക്കുന്നു. ഈ സർക്കാർ നേരിടുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായ തൃക്കാക്കരയിൽ ഇത് വൃത്തിക്ക് പറയാൻ പ്രതിപക്ഷത്തിന് കഴിയുന്നുമില്ല. വികസനത്തെ കുറിച്ചുള്ള ഇടതുപക്ഷത്തിന്‍റെ നയവും നിലപാടും കൈയൊഴിഞ്ഞ് പി.പി.പി മാതൃകയെ വാരിപ്പുണർന്നതും കേരളമാകെത്തന്നെ പരിസ്ഥിതി ദുർബലപ്രദേശം ആയി മാറുമ്പോഴും സിൽവർ ലൈനുമായി മുന്നോട്ട് പോകുന്നതും ഭരണത്തുടർച്ചയുടെ 'സവിശേഷത'കളാണ്. 

Tags:    
News Summary - First anniversary of pinrayi vijayan government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.