ഹജ്ജ് വിമാന ഷെഡ്യൂളായി; ആദ്യ വിമാനം കണ്ണൂരിൽ നിന്ന് നാലിന് പുലർച്ചെ 1.45ന്

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയുളള വിമാന സർവിസിന്റെ അന്തിമ ഷെഡ്യൂളായി. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 63 സർവിസുകളാണ് ഇക്കുറിയുളളത്. കരിപ്പൂർ - 44, ​കണ്ണൂർ - 13, കൊച്ചി - ഏഴ് സർവിസുകൾ. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ സൗദി എയർലൈൻസിനുമാണ് ഹജ്ജ് സർവിസ് ചുമതല.

ഈ വർഷത്തെ ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ 1.45ന് കണ്ണൂ​രിൽ നിന്നും പുറപ്പെടും. അതേ ദിവസം പുലർച്ചെ 4.25ന് കരിപ്പൂരിൽ നിന്നുളള ആദ്യവിമാനവും പുറപ്പെടും. ഇവിടെ നിന്നും ആദ്യദിനം രണ്ട് സർവിസുകളുണ്ട്. കരിപ്പൂരിലും കണ്ണൂരിലും 145 പേർ വീതമാണ് ഓരോ വിമാനത്തിലുണ്ടാകുക. ഇവി​ടെ എയർഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുക. കൊച്ചിയിൽ നിന്നും ജൂൺ ഏഴിന് രാവിലെ 11.30നാണ് ആദ്യവിമാനം. ആദ്യ വിമാനത്തിൽ 405 തീർത്ഥാടകരാണ് പുറപ്പെടുക. ഇവിടെ നിന്നും ജൂൺ ഒമ്പത്, 10, 12, 14,21, 25 തിയതികളിലാണ് മറ്റ് വിമാനങ്ങൾ.

കണ്ണൂ​രിൽ നിന്നും ജൂൺ ആറ്, ഏഴ്, എട്ട്, 11, 12, 13, 14,15, 18, 20, 21, 22 തിയതികളിലാണ് സർവിസ്. കരിപ്പൂരിൽ നിന്നും ജൂൺ 22 വരെ ദിവസവും രണ്ട് വിമാനങ്ങളുണ്ട്. ജൂൺ അഞ്ച്, ഒമ്പത്, 10, 16, 17, 19 തിയതികളിൽ മൂന്നെണ്ണവും. കേരളത്തിലെ തീർത്ഥാടകർ ജിദ്ദയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര മദീനയിൽ നിന്നും. ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയിൽ 64 സർവിസുകളാണുളളത്.

ആദ്യവിമാനം 13 ന് വൈകിട്ട് 6.15ന് കരിപ്പൂരിലെത്തും. അന്ന് രാത്രി 10.45ന് രണ്ടാം വിമാനവും മടങ്ങിയെത്തും. കണ്ണൂരിൽ ജൂലൈ 14ന് പുലർച്ചെ 4.30നാണ് ആദ്യവിമാനം എത്തുക. ആഗസ്റ്റ് രണ്ട് വരെ രണ്ടിടത്തും വിമാനങ്ങൾ മടങ്ങിയെത്തും. കൊച്ചി വഴി പോയവരുടെ ആദ്യസംഘം ജൂലൈ 18ന് രാവിലെ 10നാണ് മടക്കം. 26 വരെ ഏഴ് സർവിസുകളാണ് ഇവി​ടെയുളളത്.

ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റർ ചെയ്യണം

കരിപ്പൂർ: ഇക്കുറി തീർത്ഥാടകർ ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റർ ചെയ്ത് ബാഗേജ് വിമാനകമ്പനികൾക്ക് നൽകണം. ഇതിന് ശേഷമാണ് ഹജ്ജ് ക്യാമ്പിൽ എത്തേണ്ടത്. ബാഗേജുകൾ സ്വീകരിക്കുന്നതിനും വിമാനകമ്പനി ഇവിടെ സൗകര്യം ഒരുക്കും.

ഈ വർഷത്തെ ഹജ്ജ് സർവിസിന് കരിപ്പൂരിൽ പ്രത്യേകക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് എമിഗ്രേഷൻ കൗണ്ടറുകൾ തീർത്ഥാടകർക്കായി ഒരുക്കും. സമാനമായി മറ്റ് വിമാനത്താവളങ്ങളിലും സൗകര്യം ഒരുക്കും. യാത്ര പുറ​​പ്പെടുന്നതിന് നിശ്ചിത മണിക്കൂറുകൾക്ക് മുമ്പ് തീർത്ഥാടകർ ക്യാമ്പിലെത്തണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായും വളണ്ടിയർമാരുമായും ബന്ധപ്പെടാം.

Tags:    
News Summary - Hajj flight schedule: First flight to take off from Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.