വിഴിഞ്ഞം: നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഈ മാസം 15ന് ആദ്യ ചരക്കുകപ്പല്‍ അടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 15ന് വൈകീട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിക്കും. തുറമുഖത്തിന് ആവശ്യമായ കൂറ്റൻ ക്രെയിനുകളുമായാണ് കപ്പല്‍ എത്തുന്നത്. അടുത്ത മേയ് മാസത്തോടെ തുറമുഖം ആദ്യഘട്ട പ്രവര്‍ത്തനത്തിന് സജ്ജമാകും. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം തുറമുഖത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കും താമസ സൗകര്യം നഷ്ടമായവര്‍ക്കും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നുണ്ട്. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തും. അസാപിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി സാങ്കേതിക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യായിരത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിയും. നാവായിക്കുളം-വിഴിഞ്ഞം റിങ് റോഡ് വരുന്നതോടെ റോഡിന് ഇരുവശത്തും വ്യവസായ കേന്ദ്രങ്ങള്‍ വരും. തുറമുഖത്തോട് ചേര്‍ന്ന് റിങ് റോഡിനായി 6000 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെന്നും തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. സ്വീകരണ ചടങ്ങുകൾക്ക് മുന്നോടിയായി അവസാന വട്ട ഒരുക്കം വിലയിരുത്താനെത്തിയ മന്ത്രിയെ തുറമുഖം അദാനി ഗ്രൂപ് വിഴിഞ്ഞം സി.ഇ.ഒ രാജേഷ് ഝാ, കോർപറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.