തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് നാലിന് തീരമണയുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒക്ടോബര്‍ 28നു രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയിനുകളുമായാണ് ആദ്യ കപ്പല്‍ എത്തുക. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോബാൾ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.
പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിർമിച്ചു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ദേശീയപാത, ഗെയില്‍, പവര്‍ ഇടനാഴി എന്നിവക്ക് ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് തുറമുഖം. ഔദ്യോഗിക നാമവും ലോഗോയുടെ പ്രകാശനവും സെപ്റ്റംബർ 20ന് 11ന് മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
ലോകത്തെ ഷിപ്പിങ് ലൈനിലുള്ള നൂറോളം കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷനല്‍ ഷിപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. മുംബൈയില്‍ ഒക്ടോബര്‍ രണ്ടാംവാരം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈന്‍ എക്സിബിഷനില്‍ കേരള മാരിടൈം ബോര്‍ഡും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വിസിലും പങ്കെടുക്കും. കേരളത്തിന്റെ മറൈന്‍ നിക്ഷേപ സാധ്യതകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള പവിലിയനും തയാറാക്കും. തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ്, വിസില്‍ എം.ഡി ഡോ. അദീല അബ്ദുല്ല, എ.വി.പി.പി.എല്‍ സി.ഇ.ഒ രാജേഷ് ഝാ, ഓപറേഷന് മാനേജര്‍ സുശീല്‍ നായര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.