തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15നെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒക്ടോബര്‍ നാലിന് കപ്പല്‍ തുറമുഖത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയും പ്രായോഗിക തടസങ്ങളും കണക്കിലെടുത്താണ് മാറ്റമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 31ന് ചൈനയിലെ തീരത്തുനിന്ന് പുറപ്പെട്ട ഷെന്‍ഹുവ-15 എന്ന കപ്പല്‍ ഞായറാഴ്ച ഇന്ത്യന്‍ തീരത്തെത്തി. മണിക്കൂറില്‍ ഒന്‍പത് നോട്ടിക്കല്‍ മൈലാണ് നിലവില്‍ കപ്പലിന്റെ വേഗം. ഈ മാസം 29ന് ഗുജറാത്തിലെ മുംദ്രയില്‍ എത്തിയാലും ക്രെയിനുകള്‍ ഇറക്കാന്‍ നാല് ദിവസമെടുത്തേക്കും. മടക്കയാത്രയ്ക്കും സമയമെടുക്കുമെന്നാണ് നിഗമനം. മിക്കവാറും ഒക്ടോബര്‍ 13നോ, 14നോ കപ്പല്‍ വിഴിഞ്ഞത്തെത്തും. എന്നാല്‍ കൃത്യതക്ക് വേണ്ടിയാണ് 15ന് കപ്പല്‍ എത്തുമെന്ന് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് പാറക്കല്ലുകള്‍ എത്തുന്നതിലെ തടസം നീക്കാന്‍ സര്‍ക്കാര്‍ തല ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതിനിടെ, വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിയുടേതല്ലെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും പൊതുസ്വത്താണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.
നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാർ മാത്രമാണ് അദാനിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും തുറമുഖത്തിനുള്ള 57 ശതമാനം തുകക്കൊപ്പം ഏക്കറുകണക്കിന് ഭൂമിയും കൈമാറുന്ന സർക്കാറിന് ഓപറേഷൻ തുടങ്ങി 15 വർഷത്തിന് ശേഷമാണ് ഒരു ശതമാനം വരുമാന പങ്കാളിത്തമുണ്ടാകുക, അതും ലാഭമുണ്ടെങ്കിൽ മാത്രം. ഓരോവർഷവും ഒരു ശതമാനം വീതമാണ് വർധിക്കുക. ആദ്യഘട്ടം പൂർത്തിയാകുന്നതിന് മുമ്പ് രണ്ടും മൂന്നും ഘട്ടം അദാനിക്ക് ഏൽപിച്ചുകൊടുക്കാനുള്ള നീക്കവും സജീവമാണ്. ഇതിനായി പൊതുജനങ്ങളിൽനിന്ന് പരാതി കേൾക്കാതെ, പാരിസ്ഥിതിക അനുമതിക്കായി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സമർപ്പിച്ച അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിയുടെ മുതൽമുടക്കിനായി വരുന്ന 7725 കോടി രൂപയിൽ 4600 കോടി രൂപയും ചെലവഴിക്കുന്നത് കേരള സർക്കാറാണെന്ന് മന്ത്രി പറയുന്നു. രാജ്യത്ത് ആദ്യമായി കേന്ദ്ര സർക്കാറിൽനിന്ന് വയബിലിറ്റി ഗാപ് ഫണ്ട് ലഭിക്കുന്ന പദ്ധതിയും ഇതാണ്. 818 കോടിയാണ് ഈ ഫണ്ട്. ബാക്കി തുക മാത്രമാണ് അദാനി കമ്പനിയുടേത്. വിഴിഞ്ഞത്തിനായി 6000 കോടി ചെലവിൽ ഔട്ടർ റിങ് റോഡിനും അനുമതിയായി. വ്യവസായ ഇടനാഴിയും വരും. ഇവിടെ പരാജയപ്പെട്ടാൽ സംസ്ഥാനത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ്. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ വരുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു. നേരത്തേ അദാനി പോർട്ടെന്ന് അറിയപ്പെടുന്നതിൽ കേരള സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പേരുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.