കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പെന്നാൽ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും പ്രതിനിധികളെ തിരഞ്ഞെടുക്കൽ മാത്രമായിരുന്നു പണ്ട്. 1991ൽ നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കുള്ള ആദ്യ ചുവടായിരുന്നു. ഇ.കെ. നായനാർ സർക്കാറിെൻറ കാലത്ത് നിലവിൽവന്ന ജില്ല കൗൺസിൽ യു.ഡി.എഫ് 1994ൽ പിരിച്ചുവിട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പായിരുന്നു അത്. കേരളത്തിൽ അഞ്ചുവർഷത്തെ ഇടവേളകളിൽ കൃത്യമായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 1964ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം 79ലായിരുന്നു അടുത്തത്. 1984ൽ കാലാവധി കഴിഞ്ഞിട്ടും കെ. കരുണാകരൻ സർക്കാർ തെരഞ്ഞെടുപ്പിന് തയാറായില്ല. തുടർന്ന് നാലുവർഷം ഉദ്യോഗസ്ഥ ഭരണമായിരുന്നു. നായനാർ സർക്കാർ 1988ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെയാണ് 1991ൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തിയത്. അനുകൂല രാഷ്ട്രീയ കാലാവസ്ഥയിൽ മലപ്പുറം ഒഴികെ 13 ജില്ലകളിലും ഇടതുമുന്നണി തകർപ്പൻ ജയം നേടി. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തിെൻറ സത്യസന്ധമായ നീക്കമായിരുന്നു പിന്നീട് കണ്ടത്. 240 വിഷയങ്ങളും 19 പ്രധാന വകുപ്പുകളും ജില്ല കൗൺസിലുകൾക്ക് കൈമാറി. ഓരോ ജില്ലയിലും ഓരോ മന്ത്രിസഭ പോലെ ചുമതലകൾ വർധിച്ചു. പതിവില്ലാതെ കൈയയച്ച് ഫണ്ടും സർക്കാർ കൈമാറി. ബജറ്റ് വിഹിതത്തിെൻറ 24 ശതമാനം തുക ജില്ല കൗൺസിലുകൾക്ക് നൽകി. താഴെതട്ടിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ അഞ്ച് ശതമാനം തുക വേറെയും. ജില്ല കൗൺസിൽ അംഗങ്ങളിൽ 30 ശതമാനം വനിതകളായിരുന്നു. മന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവർ ജില്ല കൗൺസിലിൽ അങ്കം കുറിച്ച് ജയിച്ചവരാണ്. ജില്ല കൗൺസിലിലെ തകർപ്പൻ വിജയവും മുസ്ലിം ലീഗും യു.ഡി.എഫും തമ്മിലുള്ള തർക്കവും കണ്ട് നായനാർ സർക്കാർ നിയമസഭ പിരിച്ചുവിട്ടു.
കെ. കരുണാകരെൻറ നേതൃത്വത്തിൽ ഭരണത്തിലേറിയ യു.ഡി.എഫ് ജില്ല കൗൺസിലിെൻറ അധികാരങ്ങൾ കവർന്നു. പുതിയ പഞ്ചായത്തി രാജ് നിയമം വരുന്നതോടെ ജില്ല കൗൺസിലിന് പ്രസക്തിയില്ലെന്ന് യു.ഡി.എഫ് വാദിച്ചു. ജില്ല കൗൺസിലിനെ 'ഇല്ലാ കൗൺസിൽ' ആക്കിയെന്ന് പ്രതിപക്ഷവും പരിതപിച്ചു. ഒടുവിൽ 1994 ഏപ്രിലിൽ ജില്ല കൗൺസിൽ അകാല ചരമമടഞ്ഞു. അടുത്ത വർഷം ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ത്രിതല സംവിധാനത്തിനും തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.