കടയ്ക്കൽ: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ കടയിൽ കയറി മർദിച്ച 13 സി.ഐ.ടി.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. നിലമേൽ ടൗണിൽ പ്രവർത്തിക്കുന്ന യൂനിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ അഞ്ചൽ തടിക്കാട് സ്വദേശി ഷാനാണ് തൊഴിലാളികളുടെ മർദനമേറ്റത്.
13 അംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഷാൻ പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലമേലിലെ സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്ത ചടയമംഗലം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു ആക്രമണം. ശനിയാഴ്ചയാണ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്. ഷാനിനെ സി.ഐ.ടി.യു യൂനിഫോം ധരിച്ച തൊഴിലാളികൾ മർദിക്കുന്നത് ദൃശ്യങ്ങളുണ്ട്.
സി.ഐ.ടി.യു പ്രവർത്തകരിൽ ഒരാൾ കടയുടെ പുറക് വശത്തിരുന്ന് മദ്യപിച്ചത് ഉടമ ഷാൻ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പറയുന്നു. ഇയാളെ പുറത്താക്കിയതിനു പിന്നാലെ വിവരമറിഞ്ഞ് മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദിക്കുകയായിരുന്നുവെന്നാണ് ഉടമ പരാതിയിൽ പറയുന്നത്. വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, സി.ഐ.ടി.യു പ്രവർത്തകൻ കിരണിനെ സൂപ്പർ മാർക്കറ്റ് ഉടമ ആക്രമിച്ചതാണ് പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നാണ് സി.ഐ.ടി.യു നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.