ഒ​രു സ്കൂട്ടറിൽ അഞ്ച് വിദ്യാർഥികൾ; ശിക്ഷയായി ആശുപത്രി സേവനം, ലൈസൻസ് റദ്ദാക്കി

തൊടുപുഴ: അഞ്ചു വിദ്യാർഥികൾ ചേർന്ന് ഒരു സ്കൂട്ടറിൽ സഞ്ചരിച്ച ശേഷം വിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതിന് വാഹന വകുപ്പിന്‍റെ വേറിട്ട ശിക്ഷാനടപടി. പിഴക്ക് പുറമെ മെഡിക്കൽ കോളജിൽ രണ്ടു ദിവസം നിർബന്ധിത സാമൂഹിക സേവനവും വിധിച്ച് വിദ്യാർഥികളെ അധികൃതർ വിട്ടയച്ചു.

ഇടുക്കി തോപ്രാംകുടിക്ക് സമീപത്തെ കോളജിലെ ബിരുദ വിദ്യാർഥികളായ അഞ്ചുപേരാണ് സ്കൂട്ടറിൽ ഒരുമിച്ച് യാത്ര ചെയ്തശേഷം വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപെട്ട ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.ടി.ഒക്ക് കൈമാറി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വഴി ആർ.ടി.ഒ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് തെളിഞ്ഞു. തുടർന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആർ.ടി.ഒ ഇടുക്കിയിലെ ഓഫിസിൽ വിളിച്ചുവരുത്തി. ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യാൻ വേണ്ടി കൗതുകത്തിനാണ് അഞ്ചുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചത് എന്നായിരുന്നു വിദ്യാർഥികളുടെ വിശദീകരണം.

തുടർന്ന്, ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളുടെ മുന്നിൽവെച്ച് വിദ്യാർഥികളെക്കൊണ്ട് സത്യം ചെയ്യിക്കുകയും 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

ഇതിന് പുറമെയാണ് കോളജിലെ ക്ലാസ് മുടങ്ങാത്ത വിധം രണ്ട് അവധി ദിവസങ്ങളിൽ ഇടുക്കി മെഡിക്കൽ കോളജിൽ രോഗീ പരിചരണമടക്കം സാമൂഹിക സേവനം അനുഷ്ഠിക്കാൻ നിർദേശിച്ചത്.


Tags:    
News Summary - Five students in scooter; License suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.