ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട്. ചികിത്സ സംബന്ധിച്ച് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിദഗ്ധ പരിശോധന നടത്തിയാണ് ഇക്കാര്യം കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയിൽ ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ബോർഡ് യോഗം.
ലൈംഗിക അവയവങ്ങളിൽ മാരകമായ ക്ഷതമേറ്റു. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപിച്ചു. മലദ്വാരത്തിലും, രഹസ്യ ഭാഗത്തുമുള്ള മുറിവുകളും, കുടലിലുമുള്ള മുറിവുകൾ പീഡനം മൂലം ഉണ്ടായതാണ്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൈ മുമ്പ് ഒടിഞ്ഞിരുന്നു. കൈയിലും കാലിലും മുമ്പ് മുറിവ് ഉണ്ടാകുകയും അത് ഉണങ്ങിയ പാടുകളും കണ്ടെത്തി. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നൽകിയിരുന്നില്ലെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.
മെഡിക്കൽ ബോർഡ് ചേരുന്നതിലും കുട്ടിക്ക് ഉണ്ടായ പരിക്കിെൻറ കാരണം കണ്ടെത്തുന്നതിലും ബന്ധപ്പെട്ട അധികൃതർ കാലതാമസം വരുത്തിയതായി ആക്ഷേപമുയർന്നിരുന്നു. ഇതിനിടയിലാണ് മെഡിക്കൽ ബോർഡ് ചേർന്നത്.
മൂവാറ്റുപുഴ പെരുമുറ്റത്തു വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകളാണ് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 27നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന, വയർ വീർത്തുവരിക, മലദ്വാരത്തിലൂടെ രക്തം പോകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ വിവരം അറിയിച്ച ശേഷം കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയ വിവരങ്ങൾ ഇന്ന് മുവാറ്റുപുഴ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.