ഞെട്ടൽ മാറാതെ മട്ടന്നൂർ; റഹ്മത്തിന്റെ വിയോഗം ഇന്ന് നടക്കുന്ന പിതാവിന്റെ ആണ്ടിൽ പങ്കെടുക്കാനാവാതെ

മട്ടന്നൂർ: പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുങ്ങിയും ഞെട്ടിയും മട്ടന്നൂർ. ഞായറാഴ്ച രാത്രി ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിലെ ബോഗിയിൽ തീവെച്ചതു മുതൽ പല അഭ്യൂഹങ്ങളും പരന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ അന്വേഷിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിളികൾ വന്നു. തൊട്ടുപിന്നാലെ മരണം സ്ഥിരീകരിച്ച് ഔദ്യോഗിക വിവരങ്ങളുമെത്തിയതോടെ നാട് അക്ഷരാർഥത്തിൽ ഞെട്ടി. ചൊവ്വാഴ്ച പാലോട്ടുപള്ളിയിലെ വീട്ടില്‍ റഹ്‌മത്തിന്റെ പിതാവിന്റെ ‘ആണ്ടി’ല്‍ പങ്കെടുക്കുന്നതിന് കോഴിക്കോട് ചാലിയത്ത് താമസിക്കുന്ന അനിയത്തി ജസീലയുടെ മകളെ ചാലിയത്തുനിന്ന് കൂട്ടി വരികയായിരുന്നു.

മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിനി റഹ്‌മത്ത് മാണിക്കോത്ത് (45), ഇവരുടെ സഹോദരി ജസീലയുടെ പുത്രി സഹ്‌റ ബത്തൂല്‍ (രണ്ട്), മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി നൗഫീഖ് (42) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച നോമ്പുതുറക്കുശേഷമാണ് മൂവരും ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രയിനിൽ നാട്ടിലേക്ക് പുറപ്പെട്ടത്. ട്രെയിൻ കോഴിക്കോട് എലത്തൂരില്‍ എത്തിയപ്പോഴാണ് യുവാവ് തീവെച്ചു കൊല്ലാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ ട്രാക്കിലേക്ക് വീണതാവുമെന്നാണ് നിഗമനം.

മണിക്കൂറുകൾക്കു ശേഷമാണ് റെയിൽവേ പാളത്തില്‍ മരണപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയ വിവരം പുറത്തുവന്നത്. ട്രെയിനിൽ പരിഭ്രാന്തരായി റഹ്‌മത്തും സഹറയും നൗഫീഖും പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇവരെ കാണാതായതായും ചിലര്‍ പുറത്തേക്ക് ചാടിയതായും പൊള്ളലേറ്റ സഹയാത്രികര്‍ വ്യക്തമാക്കിയിരുന്നു.

പരേതനായ അബ്ദുള്‍ റഹ്‌മാന്‍- ജമീല ദമ്പതികളുടെ മകളാണ് റഹ്‌മത്ത്. ഭര്‍ത്താവ് പാപ്പിനിശ്ശേരി സ്വദേശി ഷറഫുദ്ദീന്‍. മകന്‍: റംഷാദ്. സഹോദരങ്ങള്‍: ഹമീദ്, ജുബൈരിയ, ഹുസൈന്‍, സത്താര്‍, സഹദ്, ജസീല.

അപരിചിതൻ എത്തി, പിന്നെ പെട്രോൾ ചീറ്റലും തീയും; ഭയം വിടാതെ അജ്മല്‍

കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സ്പ്രിൽ ഒരാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് മട്ടന്നൂരിലെ വസ്ത്രവ്യാപാരി അജ്മല്‍. പെരുന്നാൾ സീസണിലേക്ക് വസ്ത്രങ്ങൾ എടുത്തു മടങ്ങുകയായിരുന്നു അജ്മൽ.

രാത്രി 9.11ഓടെ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടു. സംഭവം നടന്ന ഡി -1 കോച്ചിൽ റിസർവേഷൻ ചെയ്തവർ മാത്രമായിരുന്നു യാത്രക്കാർ. യാത്ര തുടരുന്നതിനിടെ അപരിചിതനായ വ്യക്തി കോച്ചിലേക്ക് വന്നു. കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ, സീറ്റിലുണ്ടായിരുന്നവരിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഉടൻ തന്നെ തീ കത്തുന്നതും കണ്ടു.

ഇതോടെ കോച്ചിലുണ്ടായിരുന്നവർ ഓരോ ഭാഗത്തേക്ക് ചിതറിയോടി. ഇതിനിടെ തീ കൊളുത്തിയ ആൾ എങ്ങോട്ടോ ഓടി മാഞ്ഞു. മിനിറ്റുകൾക്കകം കോച്ചിൽ പുക ഉയർന്നു. ചുറ്റുമുള്ളവരെ നേരിട്ട് കാണാനായില്ല. പുക വർധിച്ചതും കോച്ചിൽ തീ ആളിക്കത്തിയതും യാത്രക്കാരിൽ കൂടുതൽ പരിഭ്രാന്തി പരത്തി- നടുക്കം മാറാതെ അജ്മൽ പറഞ്ഞു.

ഇതിനിടെ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ നിർത്തി. പാലത്തിനു മുകളിലായതിനാൽ ആർക്കും പുറത്തിറങ്ങാനായില്ലെന്നും അജ്മൽ പറഞ്ഞു. ശേഷം കുറച്ചകലെ വീണ്ടും ട്രെയിൻ നിർത്തിയാണ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയേയും കുഞ്ഞിനേയും കാണാനില്ലെന്ന പരാതി യാത്രയിലുടനീളം ഉയർന്നിരുന്നുവെന്നും ബന്ധു ഇവർക്കായി കോച്ചിൽ വ്യാപക തിരച്ചിൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിനി റഹ്‌മത്ത് മാണിക്കോത്ത്, സഹോദരി ജസീലയുടെ പുത്രി സഹ്‌റ ബത്തൂല്‍ എന്നിവരുടെ മൃതദേഹം ഒടുവിൽ റെയിൽവേ ട്രാക്കിൽ നിന്നു ലഭിക്കുകയായിരുന്നു.

Tags:    
News Summary - Elathur train fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.