മുക്കം: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി കര്‍ഷകര്‍ പൊറുതിമുട്ടിയപ്പോഴാണ് പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനംവകുപ്പ് അനുമതിയോടെ മൂന്നുമാസം മുമ്പ് ഷൂട്ടര്‍മാരെ ചുമതലപ്പെടുത്തിയത്. മുക്കം നഗരസഭ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളില്‍നിന്നുമായി മൂന്നുമാസത്തിനുള്ളില്‍ അമ്പതിലധികം കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടും ഇതുവരെ പ്രതിഫലം നല്‍കാത്തത് വനംവകുപ്പിെൻറ അനാസ്ഥയാണെന്നാണ് ഇവരുടെ ആക്ഷേപം.
വെടിവെക്കാന്‍ ലൈസന്‍സുള്ള സി.എം. ബാലന്, വി.വി. ബാലന്, ബിനോയ്, ബിജു എന്നിവരെയാണ് നിയോഗിച്ചത്. ഓരോ പന്നിയെ കൊല്ലുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും സാന്നിധ്യത്തില്‍ വിശദമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും ഇതുവരെയായി ആര്‍ക്കും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ മാധ്യമത്തോട് പറഞ്ഞു. പഞ്ചായത്തും കൃഷി വകുപ്പും ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തില്‍ വനംവകുപ്പിെൻറ അനുമതി പ്രകാരമാണ് വെടിവെക്കാനുള്ള ആളുകളെ നിയമിക്കുന്നത്.
25 പന്നികളെ സി.എം. ബാലനാണ് കൊന്നത്. കാരശ്ശേരിയില്‍ മാത്രം 16 എണ്ണം. മുക്കം നഗരസഭ പരിധിയില്‍ വി.വി. ബാലന് -15, ചാത്തമംഗലം പഞ്ചായത്തില്‍ ബിനോയ് - 7ഉം എ.കെ. ബിജു 7ഉം പന്നികളെ കൊന്നു. ഒരു പന്നിയെ കൊന്നാല്‍ കേവലം ആയിരം രൂപയാണ് പ്രതിഫലം.
ഇതില്‍ തോക്ക്, ഭക്ഷണം, യാത്ര തുടങ്ങി എല്ലാ ചെലവുകളും കഴിയണം. തിര കിട്ടാനാണ് ബുദ്ധിമുട്ട്, ഒരു തിരയ്ക്ക് തന്നെ 250 രൂപ വിലവരും. എറണാകുളത്ത് നിന്നേകിട്ടൂ. രാത്രിയൊക്കെ കുന്നും മലയും താണ്ടി മൂന്നോ നാലോ ദിവസം ഉറക്കമൊഴിഞ്ഞാലാണ് ഒരു പന്നിയെ കിട്ടുക. മറ്റു അത്യാഹിതങ്ങളുണ്ടായാല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഒരു പരിരക്ഷയും ലഭിക്കുകയുമില്ല.
അതിനാല്‍ ഒരു പന്നിയെ കൊല്ലാന്‍ 5000 രൂപയോ അതല്ലെങ്കില്‍ ഒരുദിവസത്തെ വേതനമായി ആയിരം രൂപയോ നിശ്ചയിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഫണ്ടിെൻറ ലഭ്യതക്കുറവ് കാരണമാണ് പ്രതിഫലം വൈകുന്നതെന്നും തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് ജില്ല വനംവകുപ്പ് ഓഫിസില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഫണ്ട് ലഭ്യതയനുസരിച്ച് പ്രതിഫലം നല്‍കുമെന്നുമാണ് താമരശേരി റേഞ്ച് ഓഫിസര്‍ രാജീവ് കുമാര്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.