തൊടുപുഴ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാളയത്തിലെത്തിക്കാൻ ബി.ജെ.പി കരുനീക്കം. എന്നാൽ, താൻ സി.പി.എം വിട്ട് എവിടേക്കും പോകില്ലെന്ന് രാജേന്ദ്രന്റെ പ്രതികരണം. വെള്ളിയാഴ്ച രാവിലെയാണ് മുൻ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത പരന്നത്. ബി.ജെ.പി നേതാക്കൾ മൂന്നാറിലെ വീട്ടിലെത്തി രാജേന്ദ്രനുമായി ചർച്ച നടത്തിയതായാണ് വിവരം. മുതിർന്ന ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ഫോണിലും സംസാരിച്ചിരുന്നു. ദേവികുളം എം.എൽ.എ എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനായ നേതാവാണ് രാജേന്ദ്രൻ. രാജേന്ദ്രൻ പാർട്ടി വിടും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെ, രാജേന്ദ്രനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലി തുടങ്ങിയിട്ട് കുറച്ചുനാളായി. കെ. സുരേന്ദ്രൻ നയിച്ച യാത്ര ഇടുക്കിയിൽ എത്തിയപ്പോൾ രാജേന്ദ്രനെ നേരിൽകണ്ട് സംസാരിച്ചിരുന്നു.
തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ അടർത്തിയെടുക്കാൻ കുറച്ചുനാളായി ബി.ജെ.പി ശ്രമിച്ചുവരുകയാണ്. പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നത് ചൂടേറിയ ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് രാജേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന വാർത്ത പരന്നത്.
പല പാർട്ടികളും സമീപിക്കുന്നതുപോലെ ബി.ജെ.പി നേതൃത്വവും തന്നെ സമീപിച്ചിരുന്നെന്നും അതിൽ പുതുമയില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. താൻ സി.പി.എമ്മിൽ തന്നെയാണെന്നും എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റ് വഴികൾ തേടൂ എന്നും രാജേന്ദ്രൻ പറഞ്ഞു.അതേസമയം, ബി.ജെ.പി വലവീശിയാലും സി.പി.എമ്മിൽനിന്ന് ആരും പോകില്ലെന്നും പാർട്ടി നടപടി എടുത്തവർ ചിലപ്പോൾ പോയേക്കാമെന്നും എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ പ്രതികരിച്ചു. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരില്ലെന്നും പാർട്ടി അദ്ദേഹത്തെ ചേർത്തുനിർത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രാജേന്ദ്രനുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറി സസ്പെൻഷൻ കാലാവധി കഴിയുന്നതോടെ പാർട്ടിയിൽ തിരിച്ചെടുക്കുമെന്നും പദവികൾ തിരികെ നൽകുമെന്നും ഉറപ്പ് നൽകിയതായാണ് വിവരം.
പാർട്ടി നേതൃത്വം രാജേന്ദ്രനെ ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി അച്ചടക്ക നടപടികൾ മറികടക്കാനുള്ള രാജേന്ദ്രന്റെ സമ്മർദ തന്ത്രമാണ് ബി.ജെ.പിയിൽ ചേരുന്നെന്ന പ്രചാരണത്തിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം എസ്. രാജേന്ദ്രൻ ദേവികുളം മണ്ഡലത്തിൽനിന്ന് സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.