കൊച്ചി: മുൻ മന്ത്രിയും എം.പിയും സി.പി.എം നേതാവുമായ വി. വിശ്വനാഥമേനോൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. വൈകീട്ട് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു.
ഭാര്യ: കെ.പ്രഭാവതി മേനോൻ. മക്കൾ: അഡ്വ. വി അജിത് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ), ഡോ. വി. മാധവചന്ദ്രൻ. മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രഫസർ, സെൻറ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി), പ്രീതി മാധവ് (അസി. പ്രഫസർ, എം.ഇ.എസ് കോളജ്, എടത്തല).
അഡ്വ. അമ്പാടി നാരായണ മേനോെൻറയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും എട്ടു മക്കളിൽ നാലാമനായി 1927 ജനുവരി 15നാണ് ജനിച്ചത്. 13ാം വയസ്സിൽതന്നെ കമ്യൂണിസത്തിൽ ആകൃഷ്ടനായി. 1950 ഫെബ്രുവരി 28ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയാക്കപ്പെട്ടു. ഡൽഹിയിലെ ഒളിവുജീവിതത്തിനിടെ അറസ്റ്റിലായെങ്കിലും പ്രതിയല്ലെന്നുകണ്ട് പിന്നീട് വിട്ടയച്ചു.1964ൽ പാർട്ടി പിളർന്നതോടെ സി.പി.എമ്മിൽ സജീവമായി. 1960ൽ എറണാകുളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു. 1967ൽ എറണാകുളത്ത് നിന്ന് തന്നെ ലോക്സഭയിലെത്തി. 1974 മുതൽ ആറുവർഷം രാജ്യസഭാംഗമായിരുന്നു. തൃപ്പൂണിത്തുറയിൽനിന്ന് 1987ലാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. തുടർന്ന്, ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി.
1991ൽ എറണാകുളത്തും 1996ൽ മുകുന്ദപുരത്തും നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റു. ക്രമേണ, പാർട്ടിയുമായി അകന്ന വിശ്വനാഥമേനോൻ 2003ൽ എറണാകുളം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം വിമത സ്ഥാനാർഥിയായി. ബി.ജെ.പി പിന്തുണക്കുകയും ചെയ്തു. ‘കാലത്തിനൊപ്പം മായാത്ത ഒാർമകൾ’ ആണ് ആത്മകഥ. കൂടാതെ, ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം), മറുവാക്ക് (ലേഖന സമാഹാരം) എന്നിവയും രചിച്ചു. 1997ൽ പുറത്തിറങ്ങിയ ‘നഗരപുരാണം’ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.