കൊച്ചി: മുസ്ലിം ജനതയെ ആസൂത്രിതമായി അരിക് വത്കരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടന്നു വരികയാണെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ ഡോ.സഫറുൽ ഇസ്ലാം ഖാൻ. രാജ്യത്ത് നിലനിൽക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം സമുദായത്തെ ഒറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് കാലഘട്ടം മുതൽ മുസ്ലിം വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനം ഇപ്പോഴും തുടരുകയാണ്. ബുദ്ധിപരവും വ്യക്തതയുള്ളതുമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ മുസ്ലിം വിഭാഗങ്ങൾ പരാജയപ്പെട്ടത് ചൂഷകരും പീഡകരും മുതലെടുത്തു.
ഇന്ത്യ - പാക് വിഭജനത്തിന് കോൺഗ്രസും മുസ്ലിം ലീഗുമടക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാറും ഉത്തരവാദികളാണ്. പക്ഷേ ഇതിന്റെ പാപഭാരം ചുമക്കേണ്ടി വന്നത് ഇന്ത്യൻ മുസ്ലിംകളാണ്. മുസ്ലിം വ്യക്തിനിയമം, ബാബ്റി മസ്ജിദ് വിഷയങ്ങളിൽ മുദ്രാവാക്യം ഉയർത്താൻ ധാരാളം പേർ ഉണ്ടായിരുന്നെങ്കിലും ശരിയായ നേതൃത്വം നൽകാനോ യുക്തമായ തീരുമാനം നിർദേശിക്കാനോ ആരുമുണ്ടായിരുന്നില്ല. വൈകാരികമായ തീരുമാനങ്ങൾ ഒരിക്കലും സമുദായത്തിന് ഗുണം ചെയ്യില്ല. ബൗദ്ധിക നേതൃത്വത്തിന്റെ അഭാവമാണ് മുസ്ലിം സമുദായം നേരിടുന്ന കനത്ത വെല്ലുവിളി.
മൂല്യച്യുതിയും പരസ്പര വിശ്വാസമില്ലായ്മയും സമുദായാംഗങ്ങൾക്കിടയിൽ വർധിച്ചു വരുന്നു. ഇത് മുളയിലേ നുള്ളണം- സഫറുൽ ഇസ്ലാം ഖാൻ പറഞ്ഞു. ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ റഹിം അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രഭാഷണം നടത്തി. സിൽവർ ജൂബിലി സുവനീർ ഡോ.പി. ഗൾഫാർ മുഹമ്മദാലി പ്രകാശനം ചെയ്തു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.എൻ.എം. ഷറഫുദ്ദീൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡോ.കെ.കെ. ഉസ്മാൻ, എ.എം. അർഷാദ്, പി. ഷറഫുദ്ദീൻ, അഡ്വ. രഹ്ന ഷുക്കൂർ, ആർ.അഖില എന്നിവർ സംബന്ധിച്ചു.
കൊച്ചി: ഗാന്ധിജിയെയും നെഹ്റുവിനെയും ഏറ്റവും കൂടുതൽ വിമർശിച്ച അംബേദ്കറെ നിയമ മന്ത്രിയും ഭരണഘടന രൂപകൽപന കമ്മിറ്റി അധ്യക്ഷനാക്കുകയും ചെയ്ത മാതൃക നമുക്ക് മുന്നിലുണ്ടെന്നും ഇന്നാണെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ.ഡി കയറുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'പുതിയ ഇന്ത്യ' യിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തിന്റെ ചരിത്രം പോലും മാറ്റിയെഴുതുകയാണ്-പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ്. പി.കെ. ഷംസുദ്ദീൻ മോഡറേറ്ററായിരുന്നു. ഡോ.എൻ.സി. ദിലീപ്കുമാർ, ടി.പി. മുഹമ്മദ് ശമീം, സി.എച്ച്. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. എഫ്.എഫ്.എഫ് വൈസ് ചെയർമാൻ കബീർ ഹുസൈൻ സ്വാഗതവും ജോ.സെക്രട്ടറി വി.എ.എം അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.