തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കേരള സർവകലാശാലയിൽ ഈ വർഷം നാലു വർഷ ബി.എ ഓണേഴ്സ് വിത്ത് റിസർച് ബിരുദ കോഴ്സുകൾ തുടങ്ങാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിലും ഇക്കണോമിക്സിലും ഹിസ്റ്ററിയിലും ഓണേഴ്സ് ബിരുദം ലഭ്യമാക്കാൻ കഴിയുന്ന തരത്തിലാണ് കോഴ്സുകൾ. സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഭാഗമായാണ് 30 വിദ്യാർഥികൾക്ക് പ്രവേശനം നൽകി കോഴ്സ് തുടങ്ങുന്നത്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വർഷത്തെ പ്രവേശനം.
ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശന വിജ്ഞാപനം സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങും. ഓൺലൈനായി അപേക്ഷിക്കാൻ 10 ദിവസം സമയം നൽകും. മൂന്നു വർഷം കഴിയുമ്പോൾ നിശ്ചിത എണ്ണം ക്രെഡിറ്റ് ആർജിച്ചവർക്ക് ഇഷ്ടപ്രകാരം പുറത്തുപോകാം. ഇവർക്ക് നിലവിലെ രീതിയിലുള്ള ബിരുദവും നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബി.എ ഓണേഴ്സ് വിത്ത് റിസർച് ബിരുദവും ലഭിക്കും.
ഫൗണ്ടേഷൻ കോഴ്സ്, ഡിസിപ്ലിൻ സ്പെസിഫിക് മേജർ, ഡിസിപ്ലിൻ സ്പെസിഫിക് /മൾട്ടിഡിസിപ്ലിനറി മൈനർ, റിസർച് എന്നീ നാല് പ്രധാന ഘടകങ്ങളാണ് പ്രോഗ്രാമിനുള്ളത്. മേജർ സബ്ജക്ട് അടിസ്ഥാനമാക്കി ഡെസർട്ടേഷൻ ഉണ്ടായിരിക്കും. ഇന്റേൺഷിപ്, ഫീൽഡ് സർവേ എന്നിവ പഠനത്തിന്റെ ഭാഗമായിരിക്കും. നിലവിലുള്ള മൂന്നു വർഷ ബിരുദ കോഴ്സിൽനിന്ന് വ്യത്യസ്തമായി ഗവേഷണ ഘടകം കൂടി ഉൾപ്പെടുത്തിയാണ് പുതിയ കോഴ്സിന്റെ രൂപകൽപന. നാലു വർഷത്തിനിടെ 177 ക്രെഡിറ്റുകൾ ആർജിക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും മൂന്നു വർഷത്തിനിടെ 133 ക്രെഡിറ്റുകൾ നേടുന്നവർക്ക് ത്രിവത്സര ബിരുദവും ലഭിക്കും. മേജർ, മൈനർ വിഷയ പരിഗണനയിലായിരിക്കും കോഴ്സ്. മൊത്തം ക്രെഡിറ്റിന്റെ പകുതി മേജർ വിഷയത്തിൽ പൂർത്തിയാക്കണം. മേജർ വിഷയത്തിൽ നേടിയ ക്രെഡിറ്റിന്റെ പകുതിയോളം വേറെ ഏതെങ്കിലും വിഷയത്തിൽനിന്ന് ആർജിച്ചാൽ ആ വിഷയത്തിൽ മൈനർ ബിരുദവും ലഭിക്കും.
മാതൃക പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സിന്റെ ഘടനയും പാഠ്യപദ്ധതിയും തയാറാക്കുന്നത്. അടുത്ത വർഷത്തോടെ മുഴുവൻ സർവകലാശാലകൾക്കും കീഴിലുള്ള കോളജുകളിൽ നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. നാലു വർഷ ബിരുദ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് രണ്ടാം വർഷ പി.ജി കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി നൽകാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.