തൃശൂർ: കേന്ദ്ര സർക്കാറിന്റെ സൗജന്യ റേഷൻ വിതരണത്തിൽ കോളടിച്ച് സംസ്ഥാന സർക്കാർ. പൊതു വിതരണ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിലുള്ള കേരളത്തിന് പ്രതിമാസം 24.36 കോടി രൂപയുടെ ചെലവ് ഇതിലൂടെ കുറയും.
5.88 ലക്ഷം അന്ത്യോദയ റേഷൻ കാർഡ് ഉടമകൾക്കും 41 ലക്ഷം മുൻഗണന കാർഡ് ഉടമകളുമാണ് ഇതിന്റെ ഗുണഭോക്താക്കൾ. നിലവിൽ കിലോക്ക് മൂന്നു രൂപക്ക് അരിയും രണ്ടു രൂപക്ക് ഗോതമ്പുമാണ് ഗുണഭോക്തൃ കാർഡുകളായ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങൾക്കായി കേരളം കേന്ദ്രത്തിൽ നിന്ന് പണം കൊടുത്തു വാങ്ങുന്നത്.
ഇങ്ങനെ വാങ്ങുന്ന ഭക്ഷ്യധാന്യത്തിൽ നിന്ന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പോ അല്ലെങ്കിൽ ആട്ടയോ അന്ത്യോദയ കാർഡിന് സൗജന്യമായി നൽകുകയാണ് കേരളം ചെയ്യുന്നത്. ഇത് കേന്ദ്രം സൗജന്യമാക്കുന്നതോടെ 5.88 ലക്ഷം വരുന്ന അന്ത്യോദയ കാർഡിനായി ചെലവിടുന്ന 5.88 കോടി രൂപ ജനുവരി മുതൽ സർക്കാറിന് മറ്റിനങ്ങളിൽ ചെലവിടാം.
ഇതോടൊപ്പം 41 ലക്ഷം മുൻഗണന കാർഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പുമാണ് നൽകുന്നത്. പിങ്ക് കാർഡിലെ 1.32 കോടി ഗുണഭോക്താക്കൾക്കായി 26.40 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നതിന് ചെലവ്. ഇവരിൽ നിന്നും റേഷൻ കടക്കാർക്ക് കമീഷൻ നൽകുന്നതിനായി കിലോക്ക് രണ്ടു രൂപ ഈടാക്കുന്നുണ്ട്.
ഇതിന് പുറമേ എഫ്.സി.ഐയിലേക്ക് റെയിൽ വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത് കൂടാതെ സർക്കാർ ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്ക് വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗത ചെലവും കേന്ദ്ര സഹായത്തിൽ ഉൾപ്പെടും. അതേസമയം കേരളം സബ്സിഡി നൽകുന്ന നീല കാർഡിനും പൊതു (വെള്ള) കാർഡിനുമുള്ള വിഹിതം കിലോക്ക് 8.20നാണ് കേന്ദ്രത്തിൽ നിന്ന് വാങ്ങുന്നത്.
ഇതിൽ ആറുരൂപ കുറച്ച് രണ്ടു രൂപക്കാണ് നീലക്കാർഡിന് വിഹിതം നൽകുന്നത്. രണ്ടുരൂപ കമീഷനും ഈടാക്കും. വെള്ളകാർഡിന് ഇതേ വിലയിൽ വാങ്ങുന്ന അരി 10.90ന് നൽകുകയാണ് ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് 14173 റേഷൻ കമീഷനായി നൽകുന്നത്.
ഇതുകൂടാതെ കോവിഡ് കാലത്ത് 2021ൽ തുടങ്ങി ഈ വർഷത്തോടെ നിലക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭക്ഷ്യധാന്യ വിതരണത്തിനായി 29 ലക്ഷവും കമീഷനായി നൽകുന്നുണ്ട്. ഈതുക കൂടി വകയിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.