മലപ്പുറം: ഗെയിൽ വാതക പദ്ധതിയുടെ പൈപ്പ്ലൈൻ കടന്നുപോകുന്ന ഭൂവുടമകളുടെ നഷ്ടപരിഹാരം വർധിപ്പിച്ച ഉത്തരവിറങ്ങി. നവംബർ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അംഗീകരിച്ച പാക്കേജാണ് വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവിലുള്ളത്. ഇതനുസരിച്ച് പൈപ്പ്െലെൻ കടന്നുപോകുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിച്ച ന്യായവില മുഴുവനായി നൽകും.
2012 മുതൽ സ്ഥലം വിട്ടുനൽകിയവർക്ക് ഇൗ തുക ലഭിക്കും. 10 സെൻറിൽ താഴെയുള്ളവർക്ക് വേറെ ഭൂമിയില്ലെങ്കിൽ നഷ്ടപരിഹാര തുകക്ക് പുറമെ അഞ്ചുലക്ഷം രൂപ അധികം നൽകും. രണ്ട് മീറ്റർ വീതിയിലായിരിക്കും ഇത്തരം സ്ഥലങ്ങളിൽ ഏറ്റെടുക്കൽ. നെൽപാടങ്ങൾക്ക് സെൻറിന് 3761 രൂപയാക്കി വർധിപ്പിച്ചു. പൈപ്പ്ലൈൻ കടന്നുപോകുന്ന ഭൂമിയുടെ സ്കെച്ച് ഭൂവുടമകൾക്ക് കൈമാറും. ബാക്കി ഭൂമിയിൽ എന്ത് നിർമാണം നടത്തുന്നതിനും ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഉത്തരവിലുണ്ട്.
പദ്ധതി നടപ്പാക്കുന്ന എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ വീടുകളിൽ പൈപ്പ് വഴി പാചകവാതകം എത്തിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. എറണാകുളത്ത് വീടുകളിൽ പാചകവാതകമെത്തി തുടങ്ങി. തൃശൂരിൽ ടെൻഡർ നടപടികൾക്ക് തുടക്കമായിട്ടുണ്ടെന്നും ഗെയിൽ ജനറൽ മാനേജറും കേരളത്തിെൻറ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുമായ ടോണി മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.