മലപ്പുറം: ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ ഇനിയും തയാറാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. മലബാർ സിമൻറ്സിെൻറ ഏജൻസി ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇനിയും ചർച്ച വേണമോ എന്ന് തീരുമാനിക്കേണ്ടത് സമരസമിതിയാണ്. ബാലിശ വാദഗതികൾ ഉന്നയിക്കരുത്. ആശങ്കയുണ്ടെന്നത് സത്യമാണ്.
എന്നാൽ, അപകടമാണെന്ന തരത്തിൽ ഭീതി പരത്തരുത്. ഏതു സംരംഭത്തിനും അപകട സാധ്യതയുണ്ടാവും. പരമാവധി അപകടം കുറക്കുകയാണ് വേണ്ടത്. മൂന്ന് കേന്ദ്ര ഏജൻസികളും ഒരു സംസ്ഥാന ഏജൻസിയും പദ്ധതിയുടെ സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. എല്ലാവരും നാടിെൻറ വികസനത്തിന് ഒപ്പം പോവണം. നഷ്ടപരിഹാരത്തുക 10 മടങ്ങായി വർധിപ്പിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് നടപ്പാക്കും.
4,600 കോടി ചെലവിലാണ് കൊച്ചിയിൽ എൽ.എൻ.ജി ടെർമിനൽ സ്ഥാപിച്ചത്. ഇത് പൂർണമായി പ്രയോജനപ്പെടുത്താൻ മംഗലാപുരം വരെ വാതക പൈപ്പ്ലൈൻ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. 15 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആയിരത്തിലധികം വീടുകളിൽ പാചകാവശ്യത്തിന് പ്രകൃതിവാതകം ഉപയോഗിക്കുന്നുണ്ട്. നേരിട്ട് ദ്രവീകൃത പ്രകൃതി വാതകമെത്തുന്നതിലൂടെ ഗാർഹിക^-വ്യാവസായിക മേഖലകളിൽ ഇന്ധനെച്ചലവ് ഗണ്യമായി കുറയുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.