തൃശൂർ: ‘‘ഒന്നും ഉണ്ടാക്കിക്കൊടുത്തിട്ടില്ല, ഒരു തരി പൊന്നുപോലും. റിസോർട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ മുന്നിൽ നൃത്തം അവതരിപ്പിച്ച് കിട്ടുന്ന കാശുകൊണ്ട് ഇവളാണെെൻറ ബാധ്യത തീർക്കുന്നത്... ചികിത്സക്ക് സഹായം നൽകുന്നത്...’’ -ഇത്രയും പറഞ്ഞപ്പോഴേക്കും ആലപ്പുഴ കണിച്ചുകുളങ്ങര എസ്.എൻ ട്രസ്റ്റിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഗംഗ എസ്. കുമാറിെൻറ അച്ഛൻ സജികുമാറിെൻറ കണ്ണുനിറഞ്ഞു. അത് ദൈന്യതയുടെയാണോ മകളെ ഓർത്തുള്ള അഭിമാനത്തിെൻറയാണോ എന്ന് പറയവയ്യെങ്കിലും ഈ പ്ലസ് വൺ വിദ്യാർഥിനിയിൽ കുടുംബത്തിന് കുന്നോളം പ്രതീക്ഷയുണ്ട്.
മത്സരാർഥികൾ കലോത്സവത്തിെൻറ അവസാനഘട്ട പരിശീലനത്തിൽ മുഴുകിയപ്പോൾ ഗംഗ ചേർത്തല ബാക്ക് വാട്ടർ റിസോർട്ടിലെ വിനോദസഞ്ചാരികൾക്കായി ഒരുക്കിയ നൃത്തവേദിയിലായിരുന്നു. ഇവിടെനിന്ന് കിട്ടുന്ന പ്രതിഫലംകൂടി ചേർത്തു വേണം ഗംഗക്ക് തൃശൂരിലെത്താൻ. നൃത്തം കഴിഞ്ഞ് ശനിയാഴ്ച വൈകീട്ട് ഏഴരക്ക് വീട്ടിലെത്തി. ഞായറാഴ്ച പുലർച്ചെ അച്ഛനും അമ്മക്കുമൊപ്പം തൃശൂരിലേക്ക് തിരിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കുടുംബത്തിന് തൃശൂരിലേക്ക് വരുമ്പോഴും താമസസൗകര്യത്തിലുള്ള അനിശ്ചിതത്വം മാറിയിരുന്നില്ല. കൈയിലുള്ള പണത്തിന് താമസിക്കാൻ മുറിയെടുത്താൽ ബാക്കി കാര്യങ്ങൾക്ക് പണം തികയുമോ എന്ന ആശങ്കയായിരുന്നു അച്ഛന്. സജികുമാറിെൻറ സുഹൃത്ത് രാധാകൃഷ്ണനായിരുന്നു പ്രശ്നത്തിന് പരിഹാരം കണ്ടത്. തെൻറ മകൾ മത്സരിക്കാൻ വന്നപ്പോൾ എടുത്ത മുറിയിൽ രാധാകൃഷ്ണൻ ഇവർക്കുകൂടി അഭയം നൽകി.
ജീവിതത്തിെൻറ താളം ചെറുതായൊന്ന് തെറ്റിയപ്പോൾ സംഗീതാധ്യാപകനായ സജികുമാർ ഓട്ടോഡ്രൈവറായി. ചേർത്തലയിലെ വാടക ഓട്ടോറിക്ഷയായ ‘സ്നേഹിത’െൻറ ഡ്രൈവറാണ് സജികുമാർ. ബാധ്യത തീർക്കാൻ സ്വന്തം കിടപ്പാടം വരെ വിറ്റപ്പോൾ സജികുമാറിന് ആശ്രയമായത് ഭാര്യ ജയശ്രീയുടെ വീടായിരുന്നു. കൂടിയ പ്രമേഹം സജികുമാറിനെ കുറച്ചൊന്നുമല്ല വലക്കുന്നത്. അതിനുള്ള സഹായംകൂടിയാണ് ഗംഗ. ഈ മിടുക്കിയിലുള്ള പ്രതീക്ഷയിലാണ് ഈ അച്ഛനും അമ്മയും ജീവിക്കുന്നതുതന്നെ. ഗംഗയുടെ നേട്ടങ്ങൾക്കു പിന്നിൽ മലപോലെ ഉറച്ചുനിൽക്കുന്ന പരിശീലകനായ ആർ.എൽ.വി ഓംകാറിനെക്കുറിച്ച് പറയാതിരുന്നാൽ അതൊരു നന്ദികേടാവുമെന്ന് ഇവർക്ക് നല്ല നിശ്ചയമുണ്ട്. പ്രതിഫലം നോക്കാതെ കലയെ സ്നേഹിക്കുന്ന ഈ പരിശീലകനാണ് തെൻറ മകളുടെ നേട്ടങ്ങളുടെ പിന്നിലെന്ന് പറയാൻ മൂന്നു പേർക്കും അഭിമാനമേയുള്ളൂ. കേരളനടനവേദിയിൽ ഗംഗ അണിഞ്ഞ വസ്ത്രങ്ങൾ വരെ ഗുരുനാഥെൻറ മറ്റൊരു ശിഷ്യയിൽനിന്ന് കടംകൊണ്ടതാണ്.
മകളെ ചെറുതുരുത്തി കലാമണ്ഡലത്തിൽ ചേർത്ത് തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം. റിസോർട്ടിൽ ഒരു ദിവസം പരിപാടി അവതരിപ്പിച്ചാൽ 1000 രൂപയാണ് പ്രതിഫലം കിട്ടുക. മാസം അഞ്ചോ ആറോ പരിപാടികൾ ഉണ്ടാവും. സീസണിൽ അത് 15 വരെയാകാറുണ്ട്. മൂന്നാം വർഷമാണ് ഗംഗ സംസ്ഥാന കലോത്സവവേദിയിൽ എത്തുന്നത്. രണ്ടു തവണയും എ ഗ്രേഡ് നേടിയായിരുന്നു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.