തിരുവനന്തപുരം: താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സർക്കാറിനും ഇടതുപക്ഷത്തിനുമെതിരെ വിമർശനം ഉന്നയിച്ച യാക്കോബായ സഭയുടെ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ വിമർശനത്തെ കാര്യമാക്കുന്നില്ലെന്നും തന്നെ പിന്തുണച്ച് രംഗത്തുവന്നവരോടെല്ലാം സ്നേഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ പറഞ്ഞത് അവിടെ കിടപ്പുണ്ട്, അത് ഞാൻ പറഞ്ഞതാണ്. അതിൽ മാറ്റമില്ല. അതിലപ്പുറത്തേക്ക് ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമർശങ്ങളോട് ഞാൻ ഒരിക്കലും ഒരിടത്തും പ്രതികരിച്ചിട്ടില്ല. ഇനി പ്രതികരിക്കുകയുമില്ല. ഞാൻ എന്നും ഇടതുപക്ഷത്ത് തന്നെയായിരിക്കും. എന്നും ഹൃദയപക്ഷമാണ് എന്റെ പക്ഷം. അനുകൂലിച്ച് രംഗത്തവരുന്നവരോടൊക്കെ സ്നേഹമുണ്ട്’ -അദ്ദേഹം പറഞ്ഞു.
പൊതുവിൽ ഇടതുപക്ഷത്തിന് സ്വീകാര്യമായ നിലപാടുകൾ സ്വീകരിക്കുന്ന പുരോഹിതനാണ് മാർ കൂറിലോസ്. സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന അദ്ദേഹം, എൽ.ഡി.എഫിന്‍റെ വനിത മതിൽ അടക്കമുള്ള പല പരിപാടികളെയും പിന്തുണച്ചിരുന്നു. പൗരത്വ നിയമദേഭഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയിലും കണ്ണിചേർന്നിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇടതുപക്ഷം ആത്മവിമർശനം നടത്തുകയും തിരുത്തുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു പോസ്റ്റ്. എന്നാൽ, വിവരദോഷി എന്ന് വിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അവഹേളനം. സ്വാഭാവിക വിമർശനങ്ങളോട് പോലും കടുത്ത അസഹിഷ്ണുതയോടെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
‘പ്രളയമാണ് ഇടത് സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയമുണ്ടാവുമെന്ന് ധരിക്കേണ്ടെന്നുമാണ് ഒരു പുരോഹിതൻ പറഞ്ഞത്. പുരോഹിതന്മാർക്കിടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും. നമ്മളാരും ഇവിടെ വീണ്ടും പ്രളയമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല’ - എന്നായിരുന്നു രണ്ടാം പിണറായി സർക്കാറിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന വേളയിൽ മുഖ്യമന്ത്രി പറഞ്ഞത്.
പ്രളയവും ദുരന്തങ്ങളുമടക്കം കേരളം അതിജീവിച്ചതും ഇക്കാര്യങ്ങളിൽ കേന്ദ്രം നിഷേധ സമീപനം പുലർത്തിയതുമെല്ലാം പരാമർശിക്കവെയാണ് പേര് പരാമർശിക്കാതെ ‘പഴയ ഒരു പുരോഹിതൻ’ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രി വിവാദ പരാമർശങ്ങളിലേക്ക് വഴിമാറിയത്.
2021ൽ തെരഞ്ഞെടുപ്പിന് മുമ്പ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ദലിതരും ആദിവാസികളും എവിടെയെന്ന അദ്ദേഹത്തിന്‍റെ ചോദ്യവും സി.പി.എമ്മിനെ പൊള്ളിച്ചിരുന്നു. പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ അസ്വസ്ഥത പരിഹരിക്കാൻ സര്‍ക്കാര്‍ സർവകക്ഷി യോഗം വിളിക്കാൻ വൈകിയതിൽ മാർ കൂറിലോസ് വിമർശനമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും അനാസ്ഥ ഉണ്ടായാല്‍ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് ആഘാതം സൃഷ്ടിക്കുമെന്നായിരുന്നു വിമർശനം.
ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, SFI യുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും "ടാർഗറ്റ് " ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല."കിറ്റ് രാഷ്ട്രീയത്തിൽ" ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം "ഇടത്ത് " തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല’ -മാർ കൂറിലോസ് കുറിപ്പിൽ തുടർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.