ചർച്ചയായി ഗീവർഗീസ് മാർ കൂറിലോസിന്റെ വിഡിയോ; 'കേരളത്തിന്റെ മാനവികതയും മതനിരപേക്ഷതയും തകർക്കാൻ അനുവദിക്കരുത്'

കേരളത്തിൻ്റെ മതസാഹോദര്യം തകർക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ്​ ഗീവർഗീസ്​ മാർ കൂറിലോസ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ വിഡിയോ സന്ദേശം വീണ്ടും ചർച്ചയാകുന്നു. മതങ്ങൾക്കപ്പുറം മാനവ സ്നേഹത്തിന് ഊന്നൽ നൽകണെമെന്ന് ആഹ്വാനം ചെയ്യുന്ന വിഡിയോ സന്ദേശം നിരവധിപേരാണ് സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

Full View

മതമൈത്രിക്ക് പേര് കേട്ടിരുന്ന കൊച്ചു കേരളം, വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും ഭൂമികയായി മാറുന്നു. ശരവേഗത്തിലാണ് സാമുദായിക ധ്രുവീകരണത്തിന്റെയും മത സ്പർധയുടേയും വിത്തുകൾ നമ്മുടെ മണ്ണിലും രൂഢമൂലമാകുന്നത്. എന്തു വിലകൊടുത്തും ഈ അപകടം ചെറുത്തേ മതിയാകു. നാടിന്റെ മാനവികതയും സമഭാവനയും മതനിരപേക്ഷതയും തകർക്കാൻ നാം അനുവദിക്കരുതെന്നും ഗീവർഗീസ്​ മാർ കൂറിലോസ് പറയുന്നു.

വിഡിയോ സന്ദേശത്തിന്റെ പൂർണരൂപം

വേദനയോടെയാണ് ഈ ചെറിയ സന്ദേശം ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നത്. മതമൈത്രിക്ക് പേര് കേട്ടിരുന്ന നമ്മുടെ ഈ കൊച്ചു കേരളം, വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും ഭൂമികയായി മാറുകയാണ്. ശരവേഗത്തിലാണ് സാമുദായിക ധ്രുവീകരണത്തിന്റെയും മത സ്പർധയുടേയും വിത്തുകൾ നമ്മുടെ മണ്ണിലും രൂഢമൂലമാകുന്നത്. എന്തു വിലകൊടുത്തും നാം ഈ അപകടം ചെറുത്തേ മതിയാകു. നമ്മുടെ നാടിന്റെ മാനവികതയും സമഭാവനയും മതനിരപേക്ഷതയും തകർക്കാൻ നാം അനുവദിക്കരുത്.

നാം അഭിമാനിച്ചിരുന്ന മതമൈത്രിയുടെ ചില ഉദാഹരണങ്ങൾ മാത്രം ഞാൻ പങ്കുവെക്കുകയാണ്. ഞാൻ പഠിച്ചത് ചങ്ങനാശ്ശേരിയിലായിരുന്നു. എൻ്റെ വിദ്യാർത്ഥി കാലത്തെ വളരെ പ്രശസ്തമായ ബസ് സർവീസ് ആയിരുന്നു,

സെന്റ് ജോൺ മോട്ടോഴ്സ്. പീന്നീടാണ് അതിന്റെ ചരിത്രം അൽപം അറിയുന്നത്. ചങ്ങനാശ്ശേരിക്കാരായിരുന്ന വർമ്മ സാറും റാവുത്തർ സാഹിബും ചേർന്ന് നടത്തിയൊരു വ്യവസായമായിരുന്നു സെന്റ് ജോൺ മോട്ടോഴ്സ്. ഒരമ്മക്ക് പിറന്ന രണ്ട് മക്കളായിരുന്നില്ലെങ്കിലും അങ്ങനെയാണവർ ജീവിച്ചത്. ഒരു ചായക്കടയിൽ ചായ കുടിക്കാൻ പോയാൽ രണ്ട് ചായ അവർ വാങ്ങില്ലായിരുന്നു. ഒരു ചായ വാങ്ങി പകുത്ത് കഴിക്കുന്നതായിരുന്നു അവരുടെ ശീലം. അത്രക്ക് സ്നേഹമായിരുന്നു ആ ചങ്ങാതിമാർക്ക്. അവർ ഒരുമിച്ച് ആരംഭിച്ച ബിസിനസിന് അവർ പേരിട്ടത് സെന്റ് ജോൺ മോട്ടോഴ്സ്! ഇതാണ് നമ്മുടെ കേരളം. ഇങ്ങനെയേ ആകാവൂ നമ്മുടെ കേരളം.

പ്രശസ്തനായ ഓങ്കോളജിസ്റ്റ് വി. പി ഗംഗാധരന്റെ അനുഭവ കുറിപ്പുകൾ പുസ്തക രൂപത്തിൽ ഡി. സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ജീവിതം എന്ന മഹാത്ഭുതം' ഇതാണ് പുസ്തകതിന്റെ പേര്. അതിലെ ആദ്യ അധ്യായത്തിൽ ബഷീർ എന്ന് പേരുള്ള തന്റെയൊരു രോഗിയെ പരിചയപ്പെടുത്തുന്നുണ്ട് ഡോക്ടർ. ലുക്കീമിയ ബാധിച്ച് ചികിഝയിലായിരുന്ന ബഷീർ തന്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ താൻ ജീവന് തുല്യം സ്നേഹിച്ച ഡോ. ഗംഗാധരന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിക്കുന്നു. ആ സമ്മാനം വാങ്ങി അത് പാക്ക് ചെയ്ത് അതുമായിട്ട് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് ചെല്ലുന്ന ബഷീർ ഡോക്ടറോട് പറയുന്നു: ഞാൻ ഇനി അധികനാൾ ജീവിച്ചിരിക്കില്ല. ഈ ലോകത്തോട് വിടപറയുന്നതിന് മുമ്പ് ഞാൻ ദൈവത്തെ പോലെ സ്നേഹിക്കുന്ന അങ്ങക്ക് ഒരു സമ്മാനം തരുവാൻ ആഗ്രഹിക്കുന്നു. അങ്ങ് ഇത് സ്വീകരിക്കണം! അങ്ങയുടെ സ്വീകരണ മുറിയിലെ അലമാരയിൽ ഇത് വെക്കണം. ഇത് കാണുമ്പോഴൊക്കെ അങ്ങ് എന്നെ ഓർത്ത് ഒരു വാക്ക് പ്രാർത്ഥിക്കണം. ഇത് പറഞ്ഞ് ബഷീർ ആ സമ്മാന പൊതി ഡോക്ടറുടെ കയ്യിലേക്ക് കൊടുക്കുകയാണ്. അദ്ദേഹം അത് അഴിച്ച് നോക്കിയപ്പോൾ ഗുരുവായൂരപ്പന്റെ മനോഹരമായ വർണ്ണചിത്രം! ഇതാണ് നമ്മുടെ കേരളം. ഇങ്ങനെയേ ആകാവൂ നമ്മുടെ കേരളം.

എന്റെ പ്രിയ സുഹൃത്തും കേരളത്തിലെ പ്രശ്സ്തനായ ഫിലിം മേക്കറുമായ ബാബു തിരുവല്ല സാർ സംവിധാനം ചെയ്ത, നാഷ്ണൽ അവാർഡ് ലഭിച്ച 'തനിച്ചല്ല ഞാൻ' എന്ന സിനിമയുടെ ഇതിവൃത്തം യഥാർത്ഥ ജീവിത കഥയാണ്. ചെല്ലമ്മ അന്തർജനം എന്ന് പറയുന്നൊരു മുത്തശ്ശി ഉറ്റവരാൽ, വിട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട് തനിച്ചായപ്പോൾ നൈരാശ്യം കൊണ്ട് ജീവിതം ഒടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്കിലൂടെ നടന്ന് നീങ്ങുമ്പോൾ, മരണമുഖത്തു നിന്ന് റസിയ എന്ന് പറയുന്നൊരു മുസ്ലിം സ്ത്രീ, ചെല്ലമ്മ അന്തർജനം എന്ന മുത്തശ്ശിയെ രക്ഷിച്ച്, തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നു. എല്ലാ എതിർപ്പുകളെയും വെല്ലുവിളികളെയും അവഗണിച്ചു കൊണ്ട് സ്വന്തം അമ്മയെ പോലെ, ചെല്ലമ്മ അന്തർജനത്തെ പിന്നീട് സംരക്ഷിക്കുന്നതാണ്, "തനിച്ചല്ല ഞാൻ" എന്ന സിനിമയുടെ ഇതിവൃത്തം. ഇതാണ് നമ്മുടെ സംസ്കാരം. ഇങ്ങനെയേ ആകാവൂ നമ്മുടെ സംസ്കാരം.

കേരളം ആദരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അച്ഛൻ ഡേവിസ് ചിറമ്മൽ തന്റെ വൃക്കകളിലൊന്ന് സമ്മാനിച്ചത് ഗോപിനാഥൻ എന്ന് പേരുള്ള ഒരു ഹൈന്ദവ സഹോദരനായിരുന്നു. ജാതിയും മതവും ഒന്നും നോക്കിയല്ല ആ വൃക്ക അദ്ദേഹം ദാനം ചെയ്തത്. യാക്കോബായ സഭയിലെ, എന്റെ സഭയിലെ എന്റെ വൈദിക സഹോദരങ്ങളിൽ ഒരാളായ ഫാദർ ഷിബു കുറ്റിപറിച്ചൽ. അദ്ദേഹവും ഒരു കിഡ്നി സംഭാവന ചെയ്തത് വയനാട്ടിലെ മുസ്ലിം സഹോദരിക്കാണ്. ഇതാണ് നമ്മുടെ കേരളീയ സംസ്കാരം. നമ്മുടെ അഭിമാനമായ യുസുഫ് അലി സാർ അടുത്ത കാലത്ത് അബൂദാബിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന, മരണം കാത്ത് കഴിഞ്ഞിരുന്ന കൃഷ്ണൻ എന്ന് പറയുന്ന യുവാവിനെ ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത് വർഗീയവാദികളൊന്നും കാണുന്നില്ലേ? നമ്മുടെ സംസ്കാരം ഇതാണ്. ഇത് നാം നഷ്ടപ്പെടുത്തരുത്. എന്റെ രക്ഷകനായി ഞാൻ വിശ്വസിക്കുന്ന യേശു ക്രിസ്തുവിനെ കുറിച്ച് മാതൃഭാഷയായ മലയാളത്തിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും ഹൃദയ സ്പർശിയായ ജീവചരിത്രം കെ. പി കേശവമേനോൻ എഴുതിയ 'യേശുദേവൻ" എന്ന പുസ്തകമാണ്. ശ്രീ കൃഷ്ണ ഭഗവാനെക്കുറിച്ച് മലയാളികൾ കേട്ടിട്ടുള്ള മനോഹരമാര ഗാനങ്ങൾ രചിച്ചത് ഒരു പക്ഷേ യുസുഫ് അലി കേച്ചേരിയായിരിക്കും. അമ്മയെന്ന ആ വലിയ വികാരത്തെക്കുറിച്ചും ഹിന്ദുമതത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചും നമ്മുടെയൊക്കെ ഉള്ളിൽ തട്ടുന്ന രീതിയിൽ, ഉള്ളുലക്കുന്ന രീതിയിൽ, കലാഗംഭീരമായി, ഏറ്റവും ആകർഷണീയമായി നമ്മോട് സംവദിച്ചത്, സമദാനി സാഹിബല്ലേ!

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നുള്ള അനശ്വരമായ അദ്വൈത ദർശനം സമ്മാനിച്ച ശ്രീ നാരായണ ഗുരു ദേവനക്കുറിച്ച് എത്രയോ പ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മനോഹരമായ പ്രബന്ധങ്ങളിലൊന്നാണ്, ഇന്ന് മാർത്തോമ സഭയുടെ പരമ അധ്യക്ഷനായ ഡോ. തിയോഡാഷ്യസ് മാർത്തോമ മെത്രപോലീത്ത രചിച്ച പുസ്തകമെന്ന് ഈ അവസരത്തിൽ ഓർക്കുകയാണ്. ഇതാണ് നമ്മുടെ സംസ്കാരം. ഇത് നാം കൈവിടരുത്!

എല്ലാ മതങ്ങളെയും സ്നേഹിച്ച് മതമൈത്രിയുടെ അംബാസിഡർ ആയി നമ്മുടെ ഈ കൊച്ചു കേരളത്തിൽ ജീവിച്ച്, എല്ലാ മതസ്ഥരുടെയും മതമില്ലാത്തവരുടെയും പൊതുസ്വത്തായി, നമ്മൾ സ്നേഹിക്കുകയും, നമ്മളെ സ്നേഹിക്കുകയും ചെയ്ത ഈ ലോകത്ത് നിന്ന് അടുത്തകാലത്ത് കടന്ന് പോയ മാർക്കോസ് ക്രിസ്റ്റോസോ വല്യ തിരുമേനിയുടെ നാടാണ് ഇത്. നമ്മളായി ഇത് നഷ്ടപ്പെടുത്തരുത്. വാവര് സ്വാമിയെ വണങ്ങിയിട്ട് ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളുടെ നാടാണിത്. ഇതാണ് നമ്മുടെ കേരളം.ഇങ്ങനെയേ ആകാവൂ ഇനിയും നമ്മുടെ കേരളം.

ഉദാഹരണങ്ങൾ ഇനിയുമേറെ പറയാനുണ്ട് ഇപ്പോൾ അതിന് ഞാൻ മുതിരുന്നില്ല. ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം.

Tags:    
News Summary - Geevarghese Mor Coorilos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.