പത്തനംതിട്ട: രാജ്യത്ത് ആദ്യമായി ഒരു ട്രൈബൽ സ്കൂൾ പൂർണമായും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറുന്നു. വളയൻ ചിറങ്ങര. ബാലുശ്ശേരി സ്കൂളുകൾക്ക് പിന്നാലെ അട്ടത്തോട് ട്രൈബൽ സ്കൂളിലാണ് ഇന്നുമുതൽ ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറുന്നത്. ശബരിമല പൂങ്കാവനത്തിൽ ഉൾപ്പെടുന്ന അട്ടത്തോട് ഗവൺമെന്‍റ് ട്രൈബൽ എൽ.പി സ്കൂളിലാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരേ യൂണിഫോമിലെത്തുന്നത്.
ജില്ലാ കലക്ടർ ഡോ. ദിവ്യാ എസ് അയ്യരാണ് യൂണിഫോം വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നാൽപ്പതോളം കുട്ടികളാണിവിടെ പഠിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത്.
24 പെൺകുട്ടികളും 16 ആൺകുട്ടികളും പഠിക്കുന്ന സ്കൂളിൽ എല്ലാവർക്കും ഒരുപോലെ ത്രീഫോർത്ത് ആണ് യൂണിഫോമാക്കുന്നത്. റാന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് ഇവർക്ക് യൂണിഫോം വിതരണം ചെയ്യുന്നത്.
വനമേഖലക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യവും സൗകര്യമാണ് തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.