കൊച്ചി: 'കാത്തുവെച്ചൊരു പഞ്ചായത്ത് സീറ്റ് സംവരണമായി പോയി' എന്ന വിലാപം ഉയരുകയാണ് നാട്ടിലെങ്ങും. അടിച്ചുവെച്ച അവകാശ പോസ്റ്ററുകളെല്ലാം ഇനിയെന്തിന്. സീറ്റൊപ്പിക്കാൻ ഇടംവലം വെട്ടേണ്ടവർക്കൊക്കെ കൈകൊടുത്ത് തുല്യദുഃഖിതരായി പലരും. രണ്ട് ദിവസങ്ങളിലായി കലക്ടറേറ്റിൽ നടന്ന നറുക്കെടുപ്പിൽ 42 പഞ്ചായത്തുകളിലെ സംവരണ സീറ്റുകളിൽ തീരുമാനമായി.
നിലവിൽ ജനറലായിരുന്ന സീറ്റുകൾ വനിത സംവരണമായതോടെ ഒരുതവണ കൂടി മത്സരിക്കാൻ തയാറെടുത്തിരുന്ന വാർഡ് അംഗങ്ങൾ നിരാശയിലായി. നിലവിലെ വനിത സംവരണ സീറ്റുകൾ ഏറെയും ജനറലുമായി.
വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം, ചൂർണിക്കര, എടത്തല, കീഴ്മാട്, മുടക്കുഴ, അശമന്നൂർ, വേങ്ങൂർ, കൂവപ്പടി, രായമംഗലം, ഒക്കൽ, ഇലഞ്ഞി, പാലക്കുഴ, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ചൊവ്വാഴ്ച നടന്നത്.
ബുധനാഴ്ച വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും.കോവിഡ് കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല. അടുത്ത മത്സരത്തിന് തയാറെടുക്കുന്നവർ വാർഡിൽ അവസാന മിനുക്ക് പണികളും െഫ്ലക്സ് വെക്കലും നടത്തുകയാണ്.
സംവരണ വാർഡുകളിൽ തീരുമാനം വന്നതോടെ പുതിയ മുഖങ്ങളാകും ഇനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുക. നിയമപ്രകാരം 50 ശതമാനം സീറ്റുകളാണ് പഞ്ചായത്തുകളിൽ വനിത സംവരണ വാർഡുകൾ. 2010ലും 2015ലും പട്ടികജാതി സംവരണമായ വാർഡുകൾ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.
അംഗ സംഖ്യ ഒറ്റസംഖ്യയായ തദ്ദേശ സ്ഥാപനങ്ങളിൽ അധികം വന്ന വാർഡ് വനിത സംവരണമായി പരിഗണിച്ചു. ജനറൽ വാർഡുകളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഇത് തെരഞ്ഞെടുത്തത്.
ഇതോടെ 50 ശതമാനത്തിലും അധികമായി വനിതകൾ മത്സരിക്കുന്ന വാർഡുകൾ. 2010ലും 2015ലും പട്ടികജാതി സംവരണ വാർഡുകളായിരുന്ന വാർഡുകളെ ഒഴിവാക്കി പട്ടികജാതി പൊതുവിഭാഗ സംവരണ വാർഡുകളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.