കൊച്ചി: പഠനം ക്ലാസ് മുറികളിൽനിന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഗൂഗിൾ മീറ്റ്, സൂം എന്നിവയിലേക്കും മാറിയപ്പോൾ പാഠ്യാനുബന്ധ രീതികളും മാറി. ഇന്ന് സ്കൂൾ ഫീസടച്ചില്ലെങ്കിൽ ക്ലാസിൽനിന്ന് പുറത്തുനിർത്തുകയല്ല, മറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് നീക്കം ചെയ്യുകയും ക്ലാസിെൻറ ലിങ്ക് കൊടുക്കാതിരിക്കുകയുമൊക്കെയാണ് ശിക്ഷ. കുട്ടികൾ സ്കൂളിൽ വരാതിരിക്കുകയും സ്കൂളുകളുടെ നടത്തിപ്പു ഭാരം വലിയ അളവിൽ കുറയുകയും ചെയ്തിട്ടും ഫീസിനത്തിൽ കടുംപിടിത്തം കാണിക്കുന്ന പ്രൈവറ്റ്, അൺ എയ്ഡഡ് സ്കൂളുകളാണ് ഏറെയും. സ്പെഷൽ ഫീ, ട്യൂഷൻ ഫീ, ബസ് ഫീ, ലാബ് ഫീ തുടങ്ങി ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് ഒരു തരത്തിലും ലഭ്യമാവാത്ത സേവനങ്ങളുമായി ബന്ധപ്പെട്ട് ഫീസീടാക്കുന്നതായും പരാതി കഴിഞ്ഞ വർഷം ഏറെയുണ്ടായിരുന്നു.
ഈ വർഷം അധ്യയനം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഇത്തരത്തിലുള്ള പരാതികൾ ചിലയിടങ്ങളിൽ നിന്നെല്ലാം ഉയരാൻ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് കാക്കനാട്ടെ സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ ഫീസടക്കാത്തതിെൻറ പേരിൽ ഓൺലൈൻ ക്ലാസിൽനിന്ന് 'പുറത്താക്കിയത്' 100 കുട്ടികളെയാണ്.
രക്ഷിതാക്കളും വിദ്യാർഥികളും വ്യാപകമായി പ്രതിഷേധിക്കുകയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിഷയത്തിൽ ഇടപെടുകയും മുഴുവൻ വിദ്യാർഥികളെയും തിരികെ ക്ലാസിൽ പ്രവേശിപ്പിക്കാൻ നടപടിയാവുകയും ചെയ്തു.
കഴിഞ്ഞ വർഷം സ്കൂൾ ഫീസിളവിെൻറ പേരിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വലിയ സമര പരമ്പരകൾ അരങ്ങേറിയ സ്കൂളും കൊച്ചി നഗരത്തിലുണ്ട്. കോവിഡ് കാലത്ത് ഫീസടക്കാനാവാതെ ദുരിതമനുഭവിക്കുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 50 ശതമാനം ഫീസിളവ് അനുവദിക്കുകയെന്ന ആവശ്യമുന്നയിച്ച് ദിവസങ്ങളോളം നീണ്ട പ്രതിഷേധ സമരം നടന്നത്. ഇതു പിന്നീട് വലിയ വാദപ്രതിവാദങ്ങളിലേക്കും മറ്റും നീങ്ങിയിരുന്നു.
കോവിഡ് കാലത്ത് സ്കൂളുകൾ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂവെന്ന് ഹൈകോടതി ഉത്തരവിട്ടത് ഇതിനു പിന്നാലെയാണ്. എന്നാലിതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നാട്യത്തിൽ ഈ വർഷവും പല സ്കൂളുകളും തോന്നും പോലെ മുന്നോട്ടുപോവുകയാണ്. ചുരുക്കം ചില സ്കൂളുകൾ മാത്രം ചെറിയ തോതിൽ ഫീസിളവ് വരുത്തിയിട്ടുണ്ട്. ബസ് ഫീസും മറ്റുമാണ് ഇത്തരത്തിൽ എടുത്തുകളയുന്നത്.
കൊച്ചിയിലെ ഒരു സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കേ അർബുദ ബാധിതയായി മരിച്ച അധ്യാപികയുടെ അതേ സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കൾക്കു പോലും ഫീസിളവ് അനുവദിക്കാൻ തയാറാവാത്ത മാനേജ്മെൻറും നമുക്കിടയിലുണ്ട്. സ്കൂളിലെല്ലാവരും ചേർന്ന് അവരുടെ കുടുംബത്തിനായി സമാഹരിച്ച തുക നൽകുന്നതിനു മുമ്പ് അതിൽനിന്ന് കുട്ടികളുടെ ഫീസ് അടച്ചുതീർക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതർ.വലിയ ചെലവുകളൊന്നുമില്ലാതിരുന്നിട്ടു പോലും എന്തിനാണ് ഇത്ര ഉയർന്ന ഫീസീടാക്കുന്നതെന്ന ചോദ്യത്തിന് സ്കൂൾ മാനേജ്മെൻറുകളുടെ മറുപടി അധ്യാപകർക്ക് ശമ്പളം നൽകാനെന്നാണ്. എന്നാൽ, ഫീസിനത്തിൽ വൻതുക പിരിക്കുന്നുണ്ടെങ്കിലും അധ്യാപകർക്ക് മര്യാദക്ക് ശമ്പളം കിട്ടുന്നില്ലെന്നതാണ് കയ്പുള്ള യാഥാർഥ്യം. അതേക്കുറിച്ച് നാളെ...
'നിവൃത്തിയുണ്ടെങ്കിൽ ഫീസ് മുഴുവനടക്കൂലേ സർ'
'ജോലിക്ക് പോയിട്ട് മാസങ്ങളായി സർ, കൈയിലാണെങ്കിൽ പൈസയൊന്നുമില്ല. ഫീസ് മുഴുവൻ അടക്കണം എന്ന് ആഗ്രഹമുണ്ടായിട്ട് കാര്യമില്ലല്ലോ, കാശു വേണ്ടേ. കുറച്ചു ദിവസം കൂടി തരണം..ഞാൻ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം' ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ കഴിഞ്ഞ വർഷം വിദ്യാർഥികളുടെ ഫീസടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ അന്തിമ നോട്ടിസിന് ഒരു രക്ഷിതാവ് അയച്ച മറുപടിയാണിത്. പണക്കാരായ രക്ഷിതാക്കളുമുള്ള ആ ഗ്രൂപ്പിൽ തെൻറ അഭിമാനം മാറ്റി വെച്ച് അങ്ങനെ പറയിപ്പിച്ചത് അദ്ദേഹത്തിെൻറ നിസ്സഹായാവസ്ഥയാണ്.
ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ നിത്യവൃത്തിക്കു പോലും വകയില്ലാതായ ആയിരക്കണക്കിന് കുടുംബങ്ങൾ നമുക്കിടയിലുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ മക്കളെ മികച്ച സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി പഠിപ്പിച്ച് ഒരു കരക്കടുപ്പിക്കാൻ ശ്രമിക്കുന്ന മധ്യവർഗക്കാർക്കും സാധാരണക്കാർക്കുമാണ് ലോക്ഡൗൺ കാലത്തെ സ്കൂൾ ഫീസ് രക്തസമ്മർദം വർധിപ്പിക്കുന്നത്. മക്കളെ കൊള്ളാവുന്ന സ്കൂളിൽ പഠിപ്പിക്കുകയെന്നത് പലരുടെയും സ്വപ്നവും അഭിമാനത്തിെൻറ പ്രശ്നവുമൊക്കെയാണ്.
ഓരോ ദിവസത്തെയും ചെലവിനുള്ളത് കണ്ടെത്തുന്നത് അന്നന്ന് അധ്വാനിച്ചാണെങ്കിലും തെൻറ കുട്ടി നല്ല സ്കൂളിൽ പഠിച്ച് വലിയ നിലയിലെത്തുമെന്ന രക്ഷിതാക്കളുടെ സ്വപ്നമാണ് ഓരോ സ്വകാര്യ സ്കൂളുകളിലെയും കുട്ടികളുടെ എണ്ണം കൂടാൻ കാരണം. എന്നാൽ, ഇതെല്ലാം തച്ചു തകർക്കുകയായിരുന്നു കോവിഡ് ലോക്ഡൗൺ.
ലോകത്തിെൻറ തന്നെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ച മഹാമാരി ഇല്ലാതാക്കിയത് മധ്യവർഗ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൂടിയാണ്. സ്കൂൾ ഫീസടക്കാനില്ലാത്തതുകൊണ്ടാണ് നൽകാത്തതെന്ന് മനസ്സിലാകാതെ ക്രൂരമായി പെരുമാറുകയും അപമാനിക്കുകയും ചെയ്യുന്ന മാനേജ്മെൻറുകൾ ഏറെയുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഫീസടക്കാത്തവരുടെ പേര് എഴുതിയിടുമ്പോൾ അതിലുൾപ്പെട്ട കുട്ടികൾ കടുത്ത മാനസിക സമ്മർദത്തിലൂടെയും നാണക്കേടിലൂടെയുമാണ് കടന്നുപോവുന്നതെന്ന് വേണ്ടപ്പെട്ടവർ ചിന്തിക്കുന്നില്ല. ഫീസടക്കാത്തതിെൻറ പേരിൽ ക്ലാസിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന കുരുന്നുകളനുഭവിക്കുന്ന പ്രയാസങ്ങളും അവരുടെ വീടുകളിലുണ്ടാവുന്ന സംഘർഷവുമൊന്നും പലപ്പോഴും പുറത്തു വരുന്നില്ല. നാണക്കേടും കുട്ടികളുടെ ഭാവിയും ഓർത്ത് ആരും പരാതിപ്പെടാത്തതും അധികൃതർ മുതലെടുക്കുകയാണ്.
ഏതെങ്കിലും സ്കൂളുകൾ കുട്ടികളുടെ സ്ഥിതിയറിഞ്ഞ് ഫീസിളവ് നൽകാൻ തയാറാവുമെങ്കിലും സ്കൂൾ മാനേജ്മെൻറുകളുടെ കൂട്ടായ്മ ഇതിനനുവദിക്കില്ലെന്നതും ഒരു വിഷയമാണ്. ജനകീയ പ്രതികരണങ്ങളാണ് ഇത്തരം വിഷയങ്ങളിലുണ്ടാവേണ്ടതെന്നും ഈ വർഷവും അമിത ഫീസ് ഈടാക്കൽ പോലുള്ള സംഭവങ്ങളുണ്ടായാൽ വലിയ തോതിൽ പ്രതിഷേധം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും കേരള രക്ഷാകർതൃ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരിയും പി.ഡി.പി ജില്ല പ്രസിഡൻറുമായ ടി.എ മുജീബ് റഹ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.