നെടുമ്പാശ്ശേരി വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ നിഷാജ്, സബീൽ, വസ്ത്രത്തിൽ തരികളായി ഒട്ടിച്ച സ്വർണം

വസ്ത്രത്തിൽ പാളികൾ തീർത്ത് നെടുമ്പാശേരി വഴി ഒന്നരക്കിലോ സ്വർണം കടത്തി; കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി

കൊടുങ്ങല്ലൂർ: നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ് (27), കൊടുങ്ങല്ലൂർ അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സബീൽ(44) എന്നിവരാണ് അറസ്റ്റിലായത്.

എയർപോർട്ട് വഴി കടത്തിയ സ്വർണം കൊടുങ്ങല്ലൂരിന്റെ തീരഭാഗമായ അഴീക്കോട് നിന്നും മലപ്പുറത്തേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടയിലാണ് പിടിയിലായത്. തൃശൂർ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെയുടെ നിർദേശപ്രകാരം നൈറ്റ് പട്രോളിംഗിനിടയിൽ വാഹന പരിശോധന നടത്തവെയാണ് നിഷാജിനെ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടി ഷർട്ടിലും ഒളിപ്പിച്ച നിലയിലും കാറിന്റെ ഗിയർ ബോക്സിലുമായാണ് സ്വർണം കണ്ടെത്തിയത്.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ദുബൈയിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച അഴീക്കോട് സ്വദേശി സബീലിനെ പിടികൂടിയത്. ചാവക്കാട് - അണ്ടത്തോട് ഭാഗത്ത് നിന്നും കുടുംബത്തോടൊപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.

ഏകദേശം 300 ഗ്രാം വരുന്ന സ്വർണം അഞ്ച് ക്യാപ്സൂളുകളായി മലദ്വാരത്തിൽ ഒളിപ്പിച്ചും എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന ട്രൗസറിലെയും ടി ഷർട്ടിലെയും തുണികളുടെ രണ്ട് ലയറുകൾക്ക് ഇടയിൽ സ്വർണതരികളുടെ പാളികൾ പശതേച്ച് ഒട്ടിച്ചുമാണ് സബീൽ സ്വർണം കടത്തിയത്. ഇങ്ങനെ വസ്ത്രത്തിനുള്ളിൽ സ്വർണ തരികളുടെ പാളികൾ തീർത്ത് നെടുമ്പാശ്ശേരി എയർ പോർട്ട് വഴി സ്വർണ കടത്തുന്നത് ഇതാദ്യമായാണ് പിടിക്കപ്പെടുന്നത്.

നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന ട്രൗസറിന്റെയും ടി ഷർട്ടിന്റേയും അസാധാരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

ദുബൈയിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗ്ഗത്തിലൂടെ സ്വർണം കടത്തിയത്.

നിഷാജ് സമാനമായ രീതിയിൽ മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ. ബ്രിജുകുമാർ, ബിനു ആന്റണി എന്നിവർ അടങ്ങുന്ന നൈറ്റ് പട്രോളിങ്ങ് ടീമാണ് ഇരുവരെയും പിടികൂടിയത്. വിവരമറിഞ്ഞ് കസ്റ്റംസ് ടീമും കൊടുങ്ങല്ലൂരിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Gold Smuggling through nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.