പെരിന്തൽമണ്ണ: പഠനം പാതിവഴിയിൽ അവസാനിപ്പിച്ചവരും വിദ്യാലയങ്ങളിലേക്കുള്ള ദൂരക്കൂടുതൽ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ആദിവാസി വിദ്യാർഥികൾക്കായി രണ്ടു വർഷം മുമ്പ് ആവിഷ്കരിച്ച ഗോത്ര സാരഥി പദ്ധതിക്ക് ഇനി തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് മാറ്റിവെക്കേണ്ടെന്ന് സർക്കാർ തീരുമാനം. പദ്ധതി പട്ടികവർഗ വികസന വകുപ്പ് നേരിട്ട് നടപ്പാക്കും.
ഗോത്രസാരഥി എന്ന പേരുമാറ്റി വിദ്യാവാഹിനി എന്നാക്കിയും ഉത്തരവ് ഇറക്കിയിട്ടുണ്ട്. 2021 -22, 22 -23 വർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും പട്ടികവർഗ വികസന വകുപ്പിനോടൊപ്പം പദ്ധതിയുടെ ഭാഗമായിരുന്നു. ചെലവിന്റെ പകുതിയിലേറെ വഹിക്കേണ്ടിവന്നതോടെ പദ്ധതിയുടെ ഭാരം തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലാവുന്നതായി ആക്ഷേപമുയർന്നിരുന്നു. മുൻ വർഷം പദ്ധതിക്ക് 28 കോടിയാണ് കണക്കാക്കിയതെന്നിരിക്കെ പട്ടികവർഗ വകുപ്പ് നീക്കിവെച്ചത് 13 കോടിയായിരുന്നു. ബാക്കിയുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തണമെന്നായിരുന്നു ആവശ്യം. വനമേഖലയിലും കോളനികളിലുമുള്ള വിദ്യാർഥികളെ വിദ്യാലയങ്ങളിലെത്തിക്കാൻ യാത്രസൗകര്യം ഏർപ്പെടുത്തുന്നതാണ് പദ്ധതി. പണം നീക്കിവെക്കൽ ബാധ്യതയായതോടെ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ വലിയ താൽപര്യമെടുത്തിരുന്നില്ല. പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവെച്ച ഫണ്ടിൽനിന്നാണ് പട്ടികവർഗ വകുപ്പ് പണം ചെലവിട്ടത്. പദ്ധതി പൂർണമായി പട്ടികവർഗ വകുപ്പ് ഏറ്റെടുക്കുന്നതോടെ ഫണ്ടിന്റെ അഭാവം അനുഭവപ്പെടാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.