സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാൻ സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ ലക്ഷങ്ങൾ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുറച്ച് സർക്കാർ.സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ച ഏജൻസിയിൽനിന്ന് പണം തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. കോടതിയിൽനിന്ന് അനുകൂല വിധി സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ശിപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് സ്വപ്നക്ക് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെ.എസ്.ഐ.ടി.ഐ.എൽ) കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിച്ചത്.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഈ ജോലി നേടിയതും. സ്വർണക്കടത്തിൽ പ്രതിയായതിനെ തുടർന്ന് സ്വപ്നയെ പിരിച്ചുവിടുകയായിരുന്നു. ജോലി ചെയ്തിരുന്ന കാലത്ത് 17 ലക്ഷത്തോളം രൂപയാണ് ശമ്പളമായി നൽകിയത്. ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നിയമന ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് (പി.ഡബ്ല്യു.സി) കെ.എസ്.ഐ.ടി.ഐ.എൽ നോട്ടീസ് അയച്ചെങ്കിലും കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി. വീണ്ടും ആവശ്യപ്പെടുകയും പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ പ്രശ്നം സങ്കീർണമായി. വിലക്കേർപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പി.ഡബ്ല്യു.സിയുടെ ചോദ്യം. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ മറുപടി പറയാമെന്ന നിലപാടിലാണ് പി.ഡബ്ല്യു.സി. അതോടെയാണ് ഇക്കാര്യം കോടതിയിൽ നേരിടാമെന്ന നിലപാടിലേക്ക് കെ.എസ്.ഐ.ടി.ഐ.എൽ എത്തിയത്. 

Tags:    
News Summary - government is ready to recover the salary of gold smuggling case accused Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.