കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വിവാദ നിയമനങ്ങൾ റദ്ദാക്കാൻ സർക്കാർ നിർദേശം. അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ, ഡയറക്ടർ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളിൽ സർക്കാർ നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സർക്കാർ നിർദേശം വന്ന് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ഗവേണിങ് കൗൺസിലിൽ വിഷയം തൽക്കാലം പരിഗണിക്കരുതെന്ന് ഹൈകോടതിയുടെ നിർദേശമുള്ളതിനാൽ സർവകലാശാല തീരുമാനം എടുത്തിട്ടില്ല.
നിയമന നടപടികളിൽ കുഫോസ് ആക്ടും യു.ജി.സി മാർഗനിർദേശങ്ങളും സംവരണ ചട്ടങ്ങളും പാലിച്ചിട്ടില്ലെന്നും യോഗ്യരായവരെ ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം.
വെയ്റ്റേജ് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നതായും പരാതി ഉയർന്നു. വിഷയം ചർച്ചയായതോടെ സർവകലാശാല ഗവേണിങ് കൗൺസിൽ അന്വേഷണത്തിന് നാലംഗ ഉപസമിതിയെ നിയോഗിച്ചു. ഇപ്പോഴത്തെ നിയമസഭ സ്പീക്കറും അന്ന് കൗൺസിൽ അംഗവുമായിരുന്ന എ.എൻ. ഷംസീർ ആയിരുന്നു സമിതി ചെയർമാൻ. നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയ സമിതി, നിയമന നടപടികൾ റദ്ദാക്കാനും പുനർ വിജ്ഞാപനം പുറപ്പെടുവിച്ച് സുതാര്യമായ രീതിയിൽ പുതിയ നിയമനം നടത്താനും ശിപാർശ ചെയ്തു. തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. അപേക്ഷകൾ വീണ്ടും സൂക്ഷ്മമായി പരിശോധിച്ച് പുതിയ നിയമന നടപടികൾ സ്വീകരിക്കാൻ ഗവേണിങ് കൗൺസിലിന് അധികാരമുണ്ടെന്നായിരുന്നു നിയമോപദേശം. എന്നിട്ടും നിയമനം നടന്നതിനെ തുടർന്ന് പരാതികൾ ലഭിച്ചതോടെയാണ് സർക്കാർ അന്വേഷണ കമ്മിറ്റിയെ വെച്ചത്. നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്നും അനധികൃതമായി നിയമനം നേടിയവർ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു.
യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ നിയമനങ്ങൾ പൂർണമായി റദ്ദാക്കി പുതിയ അപേക്ഷ വിളിക്കണമെന്നാണ് അന്വേഷണ സമിതി നവംബറിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ. സർവകലാശാലയുടെ തുടക്കം മുതൽ പല നടപടിക്രമങ്ങളിലും ക്രമക്കേട് ഉണ്ടായതായും വിവിധ അന്വേഷണ കമ്മിറ്റികൾ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ബന്ധപ്പെട്ടവർ നടപടി കൈക്കൊണ്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സർവകലാശാലയുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷമാണ് റിപ്പോർട്ടിലെ ശിപാർശകളിൽ നടപടി സ്വീകരിച്ച് ഒരു മാസത്തിനകം അറിയിക്കാൻ കഴിഞ്ഞ മാസം ആറിന് സർക്കാർ നിർദേശം പുറപ്പെടുവിച്ചത്. ഈ മാസം ഒന്നിന് ഗവേണിങ് കൗൺസിൽ ചേർന്നെങ്കിലും ഹൈകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിഷയം അജണ്ടയായി പരിഗണിച്ചില്ലെന്ന് കുഫോസ് രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.