തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ചുനൽകുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിെൻറ പുതിയ ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനോപകാരപ്രദമായ സിവിൽ സർവിസ് യാഥാർഥ്യമാക്കുന്നതിന് ഇ-സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂനികുതി ഒടുക്കുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി സ്‌കെച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടെയും വെബ്‌സൈറ്റ്, നവീകരിച്ച ഇ-പെയ്‌മെൻറ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
ഭൂനികുതി ആപ് യാഥാർഥ്യമായതോടെ ഭൂമി സംബന്ധമായ വിവിധ സർട്ടിഫിക്കറ്റുകൾക്കുവേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിെൻറ ഏതുകോണിലിരുന്നും സാധ്യമാകും. ഭൂ ഉടമകൾക്ക് വിവിധ ആവശ്യങ്ങൾക്ക് സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂ ഉടമയുടെ തണ്ടപ്പേർ അക്കൗണ്ട് പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് നേരത്തേ ഓൺലൈനാക്കിയിരുന്നു. ഇതും മൊബൈൽ ആപ്പിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.