തിരുവനന്തപുരം: വേനൽ കനത്തതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കെ.എസ്.ഇ.ബിക്ക് ആശ്വാസമായി സർക്കാറിന്റെ 767.715 കോടി രൂപം ധനസഹായം. 2022-23 വർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം തുകയാണിത്. ഊർജ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രം 4866 കോടി രൂപയുടെ വായ്പക്ക് സംസ്ഥാനത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് 767.715 കോടി കൈമാറിയത്. പ്രതിസന്ധി രൂക്ഷമായതോടെ 500 കോടി കടമെടുക്കാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയെങ്കിലും തുക ലഭ്യമാക്കാനായില്ല. വിവിധ വകുപ്പുകളുടെ വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ളതടക്കം കൂടുതൽ പണം നേടിയെടുക്കാനുള്ള സാധ്യത തേടുകയാണ് കെ.എസ്.ഇ.ബി.
വേനൽച്ചൂട് ഉയർന്നുതന്നെ നിൽക്കുമെന്ന മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു. വൈകുന്നേരത്തെ ഉപഭോഗം നേരിടാൻ ഉയർന്ന വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽനിന്ന് അധിക വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ദിവസവും 15 കോടിയിലധികം രൂപ അധികം ചെലവിടേണ്ടി വരുന്നുണ്ട്. ആവശ്യകത പരിധിക്കപ്പുറം ഉയർന്നത് പ്രസരണ വിതരണ ശൃംഖലകളെ ബാധിച്ചിട്ടുണ്ട്. വോൾട്ടേജ് കുറവ് അനുഭവപ്പെടുന്ന ഇടങ്ങളിൽ ശൃംഖല പുനഃക്രമീകരണത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. വൈകീട്ട് ആറിനും 11നുമിടയിൽ ഉപയോഗം പരമാവധി കുറക്കണമെന്ന് ഉപഭോക്താക്കളോട് ആവർത്തിച്ച് അഭ്യർഥിക്കുകയാണ് കെ.എസ്.ഇ.ബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.