തിരുവനന്തപുരം: കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന നിയമസഭ സേമ്മളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. സർക്കാർ രണ്ടുതവണ നൽകിയ വിശദീകരണം തള്ളിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ അസാധാരണ നടപടി. എം.എൽ.എമാരും മന്ത്രിമാരും സഭാ സമ്മേളനത്തിൽ പെങ്കടുക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചശേഷമാണ് അനുമതി നിഷേധിച്ച വിവരം ലഭിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
സഭ ചേരാൻ തീരുമാനിച്ച് മന്ത്രിസഭ ശിപാർശ ചെയ്താൽ ഗവർണർ അനുമതി നൽകുന്നതാണ് പതിവ്. അസാധാരണ നടപടിയാണിതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. ചരിത്രത്തിൽ ഇന്നേവരെ സമാനനടപടി ഉണ്ടായിട്ടില്ല. ഒരു ഘട്ടത്തിലും ഇത് ഗവർണർ തള്ളാൻ പാടില്ലായിരുന്നു. അനുമതി നൽകാൻ ഗവർണർക്ക് കടമയുണ്ട്. ഭരണഘടനാപരമായി ഇത് അംഗീകരിക്കാതിരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം കൊണ്ടുവന്ന് വോട്ടിനിട്ട് തള്ളാനാണ് നിയമസഭ ചേരാൻ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷവും ഇതിനെ പൂർണമായി പിന്തുണച്ചിരുന്നു. കർഷകസമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് ചട്ടം 118 പ്രകാരം പാസാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ ഒരു സംസ്ഥാനം കൊണ്ടുവരുന്ന ആദ്യ നിയമസഭാ പ്രമേയമായി ഇത് മാറിയേനെ.
നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലാണ് രാജ്ഭവൻ സ്വീകരിച്ചതെന്നാണ് വിവരം. ജനുവരി എട്ട് മുതൽ ബജറ്റ് സമ്മേളനത്തിന് നിയമസഭ വിളിച്ചുകൂട്ടാൻ നേരത്തേ മന്ത്രിസഭ ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര നിയമസഭ വിളിക്കാനുള്ള തീരുമാനം. അടിയന്തരമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും കേരളത്തിലെ കർഷകരെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്നും അടക്കം വിശദീകരണം സർക്കാർ ഗവർണറെ അറിയിച്ചു. കൃഷിമന്ത്രി നേരിട്ട് ഗവർണറെ കാണാനും ആലോചിച്ചിരുന്നു.
എന്നാൽ, വൈകുന്നേരത്തോടെ വീണ്ടും ഗവർണർ ശിപാർശ മടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനത്തിെൻറ ഭാഗമായി പത്തനംതിട്ടയിലായിരുന്നു. നടപടി ഭരണഘടനാ ലംഘനമാണെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം. നടപടിയെ അവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബി.ജെ.പിയുെട രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും സഭയിൽ എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറല്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.