തിരുവനന്തപുരം: സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ മഞ്ഞുരുകിയിട്ടും നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ രൂപവത്കരണ അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കുന്ന നിയമഭേദഗതിയും സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട നിയമഭേദഗതിയുമാണ് നിയമസഭ പാസാക്കിയിട്ടും ഗവർണർ ഒപ്പിടാതെ തടഞ്ഞത്. ഇതിന് പുറമെ മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്സ് അവാർഡിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുമാസം മുമ്പ് സമർപ്പിച്ച ശിപാർശയിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.
സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ രൂപവത്കരണത്തിൽനിന്ന് ഹൈകോടതിയെ ഒഴിവാക്കിയും അധികാരം ഗവർണറിൽനിന്ന് മാറ്റി സർക്കാറിലേക്കാക്കിയുമായിരുന്നു നിയമഭേദഗതി. നിയമനം ഹൈകോടതിയുമായി ആലോചിച്ചായിരിക്കണമെന്ന മുൻ വ്യവസ്ഥയും ഒഴിവാക്കിയിരുന്നു.
നേരത്തേ കണ്ണൂർ, കാലടി വി.സി നിയമനങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്നും രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ള നിർദേശം കേരള സർവകലാശാല തള്ളിയതുമായി ബന്ധപ്പെട്ടും ഗവർണർ സർക്കാറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിക്ക് ഗവർണർ നൽകിയ കത്തിലും അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനത്തിലെ ഗവർണറുടെ അധികാരം എടുത്തുകളയുന്നതും ഹൈകോടതിയെ ഒഴിവാക്കിയതും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണം പറഞ്ഞാണ് അന്ന് ട്രൈബ്യൂണൽ രൂപവത്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ഗവർണർ തടഞ്ഞുവെച്ചത്.
കണ്ണൂർ, കാലിക്കറ്റ് വി.സി നിയമന വിവാദവും രാഷ്ട്രപതിയുടെ ഡി.ലിറ്റ് വിവാദവുമെല്ലാം അടങ്ങിയിട്ടും കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. കാലടി വി.സിയായി സർക്കാർ നോമിനിയെതന്നെ പിന്നീട് ഗവർണർ നിയമിച്ചു.
ട്രൈബ്യൂണലുമായി ബന്ധപ്പെട്ട സമാന വ്യവസ്ഥകൾ ഉൾപ്പെട്ടതിനാൽ സ്വയംഭരണ കോളജുകളുടെ സർവകലാശാല നിയമഭേദഗതിയും ഗവർണർ ഒപ്പിടാതെ തടഞ്ഞിരിക്കുകയാണ്. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പുവെക്കുകയും ചെയ്തു.
കഴിഞ്ഞ അമേരിക്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി നേരിൽ കണ്ട് സംസാരിച്ചശേഷമാണ് സർവകലാശാല ചാൻസലറുടെ ചുമതലകൾ നിർവഹിക്കാൻ ഗവർണർ തയാറായത്. സർവകലാശാല ഫയലുകൾ ഇതിന് ശേഷമാണ് ഗവർണർ പരിശോധിച്ചുതുടങ്ങിയത്.
ചാൻസലേഴ്സ് അവാർഡുമായി ബന്ധപ്പെട്ട ശിപാർശ സമർപ്പിച്ചശേഷം അവാർഡ് മാനദണ്ഡം ഉൾപ്പെടെ വിശദാംശങ്ങൾ ഗവർണർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്ന് ആരാഞ്ഞിരുന്നു. ഗവർണറുമായി ഇടഞ്ഞ സർവകലാശാലകളിലൊന്ന് അവാർഡ് പട്ടികയിൽ ഉൾപ്പെട്ടതാണ് തീരുമാനം വൈകാൻ കാരണമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.