തിരുവനന്തപുരം: നിരന്തരം യാത്ര നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമാനയാത്രക്കൂലി ഇനത്തിൽ ചെലവിടുന്നത് ലക്ഷങ്ങൾ. ബജറ്റിൽ അനുവദിച്ച തുകെയക്കാൾ ഒമ്പതിരട്ടി തുകയാണ് യാത്രക്ക് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
ഗവർണറുടെ യാത്രക്ക് 11.8 ലക്ഷം രൂപയാണ് ബജറ്റ് വിഹിതമായി അനുവദിച്ചത്. 8.29 ലക്ഷം രൂപ ഗവർണറുടെ ടി.എയും ബാക്കി ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ യാത്രാചെലവിനും വേണ്ടിയാണ് അനുവദിച്ചത്. ജൂലൈ ആയതോടെ ഇതിന്‍റെ 80 ശതമാനവും ചെലവഴിച്ചു. യാത്രാചെലവായി 25 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് ജൂലൈയിൽ ഗവർണറുടെ ഓഫിസിൽ നിന്ന് സർക്കാറിനെ അറിയിച്ചു. ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം മാത്രമാണ് യാത്ര ഇനത്തിൽ അനുവദിച്ച തുകയിൽ ബാക്കി.
20.98 ലക്ഷം രൂപ ടിക്കറ്റ് വാങ്ങിയ വകയിൽ കുടിശ്ശികയുണ്ടെന്നും 25 ലക്ഷം രൂപ കൂടുതൽ അനുവദിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. വലിയ വർധന ആയതിനാൽ സർക്കാർ കൂടുതൽ പണം അനുവദിച്ചില്ല. 75 ലക്ഷം രൂപ കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റിൽ വീണ്ടും കത്തയച്ചു. നിരന്തര കത്തിടപാടുകൾക്കൊടുവിൽ ആഗസ്റ്റ് 23ന് സർക്കാർ 75 ലക്ഷം രൂപ കൂടി അനുവദിച്ചു. മുൻകാലങ്ങളിൽ ഗവർണർമാർക്ക് യാത്ര ഇനത്തിൽ അനുവദിക്കുന്ന തുക പലപ്പോഴും പൂർണമായി ചെലവഴിച്ചിരുന്നില്ല. ഗവർണറുടെ ഡൽഹി യാത്രക്കെതിരെ വിമർശനവുമായി മുമ്പുതന്നെ പല എൽ.ഡി.എഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.