തിരുവനന്തപുരം: തൃശൂര്‍ പുത്തൂര്‍ സുവോളജിക്കൽ പാർക്ക് പരിസരത്ത് നവകേരള സദസ്സ് നടത്തുന്നില്ലെന്നും വേദി മാറ്റിയെന്നും സര്‍ക്കാര്‍ ഹൈകോടതിയിൽ. പാർക്കിൽ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്. വിശദീകരണത്തെ തുടർന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി.
പാർക്കിലെ മൃഗങ്ങൾക്ക് ശല്യമാകുന്ന പ്രവർത്തനങ്ങളൊന്നും പാടില്ലെന്നിരിക്കെ അവിടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണമെന്ന് ഡയറക്ടർക്ക് കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. മൃഗശാലാ പരിസരം പരിപാടിക്കായി അനുവദിച്ചത് എന്തിനെന്ന് വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കവേ കോടതി ആരായുകയും ചെയ്തു.
കോടതി നിർദേശപ്രകാരം ഹാജരായിരുന്ന മൃഗശാല ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഇതിന് വിശദീകരണം നല്‍കിയെങ്കിലും പാര്‍ക്കിന്‍റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം.
മൃഗശാല തൃശൂർ നഗരത്തിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പൊതുയോഗങ്ങളും മേളകളും എക്സിബിഷനുകളും മറ്റും ഇവിടെ സംഘടിപ്പിക്കുന്നത് മൃഗങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.