കൊച്ചി: ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയനവർഷം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ ഹൈകോടതിയിൽ. പോക്സോ നിയമത്തിന് പുറമെ സൈബർ സെക്യൂരിറ്റി, ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ചും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
താൽക്കാലിക അധ്യാപക -അനധ്യാപക നിയമനത്തിൽ പൊലീസ് പരിശോധനയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പദ്ധതി നിർവഹണത്തിൽ ഹൈകോടതിയുടെ മേൽനോട്ടമുണ്ടാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ലൈംഗിക ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീ. ഡയറക്ടറും (അക്കാദമിക്) ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായിരുന്നു.
ലൈംഗിക ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദീർഘ -ഹ്രസ്വകാല പദ്ധതികൾക്ക് രൂപംനൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി നിർവഹണത്തിനായി എട്ടംഗ വിദഗ്ധ സമിതിക്ക് രൂപംനൽകി. മാർച്ചിൽ ചേരുന്ന ശിൽപശാലയിൽ വേനൽ അവധിക്കാലത്തെ പരിശീലനം സംബന്ധിച്ച മൊഡ്യൂൾ തയാറാക്കി രൂപരേഖയുണ്ടാക്കും. 2023 -24 അക്കാദമിക് വർഷം മുതൽ കുട്ടികൾക്ക് പരിശീലനം നൽകും. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ മാസ്റ്റർമാർ വഴിയാണ് പരിശീലനം. ഹൈസ്കൂൾ, യു.പി സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേകം പരിശീലന പരിപാടി തയാറാക്കും. എൽ.പി സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ലൈംഗിക ബോധവത്കരണം എങ്ങനെ വേണമെന്ന കാര്യത്തിൽ വിദഗ്ധരാണ് പദ്ധതിക്ക് രൂപംനൽകേണ്ടതെന്ന് വ്യക്തമാക്കിയ കോടതി കെൽസക്ക് കീഴിലുള്ള വിക്ടിം റൈറ്റ്സ് സെന്റർ പ്രോജക്ടിന്റെ കോഓഡിനേറ്റർ പാർവതി മേനോനെ ബോധവത്കരണവുമായി ബന്ധപ്പെട്ട സമിതിയിൽ ഉൾപ്പെടുത്തി. ഹരജി വീണ്ടും മാർച്ച് 15ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.